പുതിയ തലമുറ
ചാലിൽ ജേക്കബ്: കാൽവരിയിലെ കരിനിഴൽ, നല്ല ശമരിയാക്കാരൻ, ഒരു നഷ്ടപ്പെട്ട ദിവസം ഇങ്ങനെ ചില ഖണ്ഡകാവ്യങ്ങളും കന്നിക്കൂമ്പുകൾ, നമ്മുടെ കൺമുമ്പിൽ, സമസൃഷ്ടികൾ തുടങ്ങിയ സമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു യുവകവിയാണു് മാവേലിക്കര സ്വദേശിയായ ചാലിൽ ജേക്കബ്. നർമ്മബോധത്തോടുകൂടി ലളിതമായ രീതിയിൽ കാവ്യാംഗനയെ നയിക്കാൻ ഈ യുവകവിക്കുള്ള വിരുതു ചെറുതൊന്നുമല്ല. സ്വപുത്രനെ പ്രതീക്ഷിച്ചുകൊണ്ടു നിമിഷങ്ങൾ എണ്ണുന്ന ആസന്നമരണനായ പിതാവിൻ്റെ കമ്പി കിട്ടിയിട്ടും പരമലുബ്ധനായ പുത്രൻ, ചെലവു കൂടിയെങ്കിലോ എന്നു ഭയന്നു കാറിനോ ബസ്സിനോ പുറപ്പെടാതെ ചെലവു ചുരുങ്ങിയ മാർഗ്ഗത്തിൽ ബോട്ടുയാത്ര ചെയ്ത് എത്തേണ്ട ദിക്കിൽ ചെന്നെത്താതെ മടങ്ങുന്നതും മറ്റുമാണു് ‘ഒരു നഷ്ടപ്പെട്ട ദിവസ’ത്തിൽ പ്രതിപാദിക്കുന്നതു്.
അങ്ങനെ പണം വാരിക്കളയാൻ പണം മുറ്റ-
ത്തമ്പഴക്കൊമ്പിൽനിന്നും പൊഴിയുമിലയാണോ?
എന്നിങ്ങനെ ആ പുത്രനെക്കൊണ്ടു ചിന്തിപ്പിക്കുന്നിടത്തും മറ്റും കവിയുടെ സരസതയും പരിഹാസചതുരതയും സ്പഷ്ടമാണു്.
