പുതിയ തലമുറ
സി. എ. ജോസഫ്: പ്രവൃത്തിക്കൊപ്പം പ്രസിദ്ധിയിലേക്കു കടന്നിട്ടില്ലാത്ത ഒരു കവിയാണ് സി. എ ജോസഫ്. പുൽക്കൊടികൾ, ഏകാകി, തേൻകനി, ഒരു കട്ടിലിൻ്റെ ആത്മഗതം, പ്രതിജ്ഞ, കാവേരി, അന്തരംഗം എന്നീ സമാഹാരങ്ങളും, ഉദയത്തിലേക്കു് (മഗ്ദലനമറിയത്തിൻ്റെ ജീവിതകഥ), മാതൃസ്മരണം, നേട്ടം, സുമിത്രൻ, ആ രാത്രി, ഇന്നോളം എന്നീ ഖണ്ഡകാവ്യങ്ങളും കവി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആകസ്മികമായുണ്ടായ മാതൃവിയോഗദുഃഖമാണ് ജോസഫിനെ കാവ്യരംഗത്തിറക്കുവാൻ പ്രേരിപ്പിച്ചതെന്നു കാണുന്നു. ആദ്യ കൃതിയായ മാതൃസ്മരണ അങ്ങനെ ഉടലെടുത്തതാണു്. ആസ്വാദ്യമായ ഒരു വിലാപകാവ്യമാണത്. സ്വതന്ത്രവും നവീനവുമായ ഒരു ചിന്താഗതി ഈ കവിയുടെ കൃതികളിൽ പലതിലും ഉടനീളം വ്യാപിച്ചുകാണാം. വളരെ ശ്രദ്ധയോടും നിഷ്ക്കർഷയോടും കൂടിയാണു് അദ്ദേഹം ഏതും എഴുതാറുള്ളത്. വ്യക്തിത്വം ഓരോന്നിലും തെളിഞ്ഞുകാണുകയും ചെയ്യും. ‘ഏകാകി’ എന്ന സമാഹാരത്തിലെ ‘പ്രേമവും ശാന്തിയും’ വിചാരരമണീയമായ ഒരു കവിതയത്രേ. നോക്കുക:
ഒരുനാൾ കുമാരിയാം ശാന്തിയെ യദൃച്ഛയായ്
ഗിരിയിൽനിന്നീക്ഷിച്ചു വിക്രമനാകും രാഗം
ഒറ്റക്കുതിക്കു് അവൻ ശാന്തിതൻ പാദത്തിലെത്തി, ആഗതോദ്ദേശം കുറിച്ചാദരമോടേ നിന്നു.
പുളകം ചാർത്തി ശാന്തിയുൾത്തടം കവിഞ്ഞോടും
കരുണകൊണ്ടെന്നാലും മൊഴിഞ്ഞില്ലൊന്നും തന്നെ.
അനന്തരം ‘തൃപ്തിക്കേഴുകോട്ടകൾക്കുള്ളിൽ’ ജീവിക്കുന്ന ശാന്തി പെട്ടെന്നു് അദൃശ്യയായിത്തീരുന്നു.
