പുതിയ തലമുറ
നൈരാശ്യോത്സംഗത്തിൽ രോഗപീഡിതൻ രാഗം
വാരങ്ങളൊന്നോ രണ്ടോ കിടന്നു കണ്ണീർ ചിന്തി.
അധികം താമസിയാതെ രാഗാത്മാവു മായയിൽ നിർജ്ജീവമായിത്തീർന്നു. ഈ ഘട്ടത്തിൽ ആ രാഗമാനസൻ്റെ സംസ്കാര ക്രിയയ്ക്കായി ശാന്തിദേവത വന്നുചേരുകയായി.
കരളിൻ തീരങ്ങളെ കവിഞ്ഞുപായും കറ-
പുരളാത്തൊരാ സ്നേഹംചിന്നിയ മിഴിനീരിൽ,
ദൃഷ്ടിയെ സ്ഫുടംചെയ്തു സിദ്ധിച്ച സിന്ദൂരത്തിൽ
ശിഷ്ടൻ്റെ കളേബരം ശാന്തി മജ്ജനം ചെയ്തു.
അങ്ങനെ പ്രേമവും ശാന്തിയും തമ്മിൽ സംഭവിക്കാവുന്ന ശശ്വൽകോമളമായ ബന്ധം കവി ഇവിടെ വ്യക്തമാക്കുന്നു. ദാർശനികനായ ഒരു കവിക്കേ ഇത്തരം ആശയങ്ങൾ കോർത്തിണക്കാൻ സാധിക്കൂ എന്നു പറയേണ്ടതില്ലല്ലോ.
വസ്തുസഞ്ചയത്തിൽനിന്നൂറുന്ന സംഗീതമെൻ
രക്തനാഡികൾതോറുമോളം ചേർത്തൊഴുകുന്നു
എന്നു പ്രസ്താവിക്കുന്നിടത്തും മറ്റും കവിയുടെ വിശാലമായ ഭാവനയും, ആത്മാർത്ഥമായ വിശ്വപ്രേമവുമാണു വെളിപ്പെടുന്നതു് . ആശയ സമ്പന്നനായ ഈ കവിയുടെ അറുപതു കവിതകൾ തെരഞ്ഞെടുത്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് ‘കാവേരി’. അതിലെ ‘പൂവുകളറുത്തു ഞാൻ’ എന്ന ആദ്യത്തെ കവിതയിൽത്തന്നെ കവി തൻ്റെ ആത്മവിശ്വാസവും ലക്ഷ്യബോധവും വ്യക്തമാക്കുന്നതു ശ്രദ്ധേയമാണു് – നോക്കുക:
കൊണ്ടുപോകുവാനെനി–ക്കുണ്ടൊരു നിധി, ദൗത്യ-
മുണ്ടെനി,ക്കൊന്നു, ണ്ടൊരു–ലക്ഷ്യവും പ്രയാണത്തിൽ.
