പുതിയ തലമുറ
മാത്യു ഉലകംതറ: പ്രതിഭാശാലിയായ ഒരു കലാകാരനാണു് മാത്യു ഉലകംതറ. കവി എന്നതിനെക്കാൾ ഒരു നല്ല നിരൂപകൻ എന്ന നിലയിലാണു് ഇന്നു കൂടുതൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു്. ‘ആദ്യത്തെ മരണം’ എന്നൊരു ഖണ്ഡകാവ്യവും, ‘വെളിച്ചത്തിൻ്റെ മകൾ’ എന്ന സമാഹാരവും ‘വിശ്വപ്രകാശം’ എന്ന പദ്യനാടകവുമാണ് ഈ യുവകവിയുടെ പ്രസിദ്ധീകൃതമായ കൃതികളിൽ മുഖ്യം. തോമാശ്ലീഹാ വന്നാൽ, നാഗമർദ്ദനം മുതലായ തുള്ളൽക്കൃതികളും ഇദ്ദേഹത്തിൻ്റെ വകയായുണ്ട്.
ചെങ്കൊടിപോലെ ചുവന്നൊരു സാരി
ചങ്കൊടിയുംപടിയുള്ള കടാക്ഷം.
ഇങ്ങനെ ലളിതവും ജനകീയവുമായ ഒരു ശൈലിയാണു് തുള്ളലുകളിൽ കാണുന്നതു്. സമാഹാരത്തിൽ ചങ്ങമ്പുഴയെ ഒട്ടൊക്കെ അനുകരിക്കുന്നു:
ഉച്ചത്തീവെയിൽ നെയ്യും കനക–
ക്കച്ചകയറിൻ കണ്ണികളിൽ
ധരയുടെ ധാടികൾ മുഴുവനുമൊരു ചെറു
പരൽമീൻപോലെ പിടയ്ക്കുമ്പോൾ
തളരാതങ്ങനെ തൊണ്ടു ചതയ്ക്കും
കളമൊഴിമാരുടെ ചങ്കൂറ്റം
കണ്ടിട്ടടിമുടി നാണം വന്നു
വിണ്ടലസുന്ദരിമാർക്കെല്ലാം. (കയറുപിരിക്കാം)
