പുതിയ തലമുറ
സി. കൃഷ്‌ണൻ നായർ: ആകർഷകമായ ഒരു രചനാരീതി ഈ വിശിഷ്ട കവിക്കു സ്വാധീനമായിട്ടുണ്ട്. ആ കഴിവ് അദ്ദേഹത്തിൻ്റെ കവിതകളിൽ അനുദിനം മിഴിവേറിവരുന്നുമുണ്ട്.
പറയാനാശയമില്ലാഞ്ഞിട്ട–ല്ലറിയുക മൗനം ദീക്ഷിപ്പൂ!
കഥനംചെയ്യുവാനുള്ളവ ഹൃദയം മഥനംചെയ്തു ഞെരുക്കുന്നു. (കണ്ണീരിൻ്റെ കവിത)
രചനാശില്പത്തിൽ എന്നപോലെതന്നെ, ഭാവാവിഷ്കരണത്തിലും ജീവിത ചിന്തയിലും കവി അനുക്ഷണം മുന്നോട്ടുവരികയാണു്. അന്തർമ്മുഖമായ ഒരു വീക്ഷണഗതിയോടുകൂടിയതാണു കൃഷ്ണൻനായരുടെ കവിതകളിൽ നല്ലൊരുഭാഗവും. എന്നാൽ ഇത്തരം കവിതകളിൽ പ്രായേണ കണ്ടുവരുന്ന നൈരാശ്യം അത്ര തന്നെ കവിയെ ബാധിച്ചുകാണുന്നില്ല. ”ആശകൾ പൂവിട്ടാനന്ദത്തിൻ – പേശല നൃത്തമുതിർത്തീടാൻ” കരുതിക്കൊണ്ടിരുന്ന തൻ്റെ ഒരാത്മസുഹൃത്ത് രോഗബാധിതനായി പെട്ടെന്നു ചരമമടയുന്നതാണു് ‘കണ്ണീരിൻ്റെ കവിതയിൽ കവി പ്രകാശിപ്പിക്കുന്നതു്. കവിഹൃദയത്തിലെ വികാരവീചികൾ അനുവാചകഹൃദയത്തിൽ ആഞ്ഞടിക്കുവാൻ പോരുന്നവയാണു്. അതിലെ ഓരോ വരിയും.
”കാലം പിഴുതെറിയുന്നു മാനവ- സൗഹൃദജീവിതപുഷ്പങ്ങൾ!” ഇങ്ങനെയു ള്ള വരികൾ രോമാഞ്ചപ്രദങ്ങളെന്നേ പറയേണ്ടതുള്ളു. ഭാഗ്യതാരകത്തിലെ-
സ്വീയസൗഖ്യത്തിൻ സീമ-യ്ക്കുപ്പുറവുമതിസൂക്ഷ്മ
സാധനയത്രെ മർത്ത്യ- മഹത്വം വിളങ്ങുന്നു എന്നും,
അന്യനെ സ്നേഹിക്കുവ- തന്യനെസേവിക്കുവ-
തെന്നതേ പ്രകാശമി- ജ്ജീവിതതമസ്സിങ്കൽ
എന്നും മറ്റുമുള്ള ഈരടികൾ ആദർശസമ്പുഷ്ടവും ജീവിതമൂല്യം തിളങ്ങുന്നവയുമാണെന്നു കാണാം.
