പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

നവയുഗനാന്ദിയിലെ ‘പങ്കുപ്പുലയൻപാടും പാട്ടിന്നീരടി’കളിൽ മുഴങ്ങുന്നതു് ‘നവയുഗനാന്ദീവിപ്ലവനാദം’തന്നെയാണു്. പക്ഷേ, കാലികമായ ചില ജീവിത ചലനങ്ങളെ കടുത്ത യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുവാൻ പുറപ്പെടുന്ന മററു ചില വിപ്ലവകവികളെപ്പോലെ കലാമൂല്യങ്ങളെ കളഞ്ഞുകുളിക്കാൻ കൃഷ്ണൻ നായർ ഒരുമ്പെടാറില്ലെന്നുള്ളതു പ്രസ്താവയോഗ്യമാകുന്നു.

നവയുഗനാന്ദി, ഹൃദയസൗരഭം, കിരണങ്ങൾ, പുഷ്പോത്സവം, ഓണപ്പൈങ്കിളി, കവനകാന്തി, ഭാഗ്യതാരകം, അമൃതഗീതം തുടങ്ങിയ സമാഹാരങ്ങളാണു് കവിയുടെ പ്രധാന കൃതികൾ.

വി. വി. കെ. വാലത്ത്: ഇടിമുഴക്കം, മിന്നൽവെളിച്ചം തുടങ്ങിയഗദ്യ കവിതാസമാഹാരങ്ങൾ, കേരളത്തിലെ സ്ഥലചരിത്രങ്ങൾ തുടങ്ങിയ ഗദ്യകൃതികൾ എന്നിവയുടെ നിർമ്മിതിയാൽ കേരളീയർക്കു സുപരിചിതനാണു് വാലത്ത്. എന്നാൽ അദ്ദേഹം ഒരു കവിയുമാണെന്നുള്ള വസ്തുത ഇന്നത്തെ തലമുറയ്ക്ക് അധികം നിശ്ചയമുണ്ടെന്നു തോന്നുന്നില്ല. 1938-’39 എന്നീ കാലങ്ങളിൽ ചങ്ങമ്പുഴശൈലിയിൽ അദ്ദേഹം ധാരാളം കവിതകൾ മാതൃഭൂമി, നവജീവൻ തുടങ്ങിയ വാരികകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഹിറ്റ്ലരോട്, എന്ന കവിതയിൽ കവി അവസാനം പറയുകയാണു്:

നീ വിജയിച്ചാൽ നിന്നക്രമമോർത്തുടൻ
നീർനിറയാമെൻ്റെ കണ്ണിണയിൽ!
നീ ഹതനായാൽ നിൻ ധീരതയോർത്തിട്ടും
നീർനിറയാമെൻ്റെ കണ്ണിണയിൽ! ….

Leave a Reply

Your email address will not be published. Required fields are marked *