പുതിയ തലമുറ
ഹിറ്റ്ലരുടെ യുദ്ധക്കൊതിയെ അപഹസിക്കുന്നതോടൊപ്പം, കവി അദ്ദേഹത്തിൻ്റെ ധീരതയെ അഭിനന്ദിക്കാനും മടിക്കുന്നില്ല. ഇരുട്ടത്ത് എന്ന കവിത പ്രത്യേകം ശ്രദ്ധേയമാണു്. അസ്വാതന്ത്ര്യത്തെ ഇരുട്ടായും, സ്വാതന്ത്ര്യത്തെ പ്രകാശമായും കല്പിച്ചുകൊണ്ടുള്ള ഒരു സിംബോളിക് കാവ്യമാണത്. ചില വരികൾ നോക്കുക.
സുന്ദരസ്വാതന്ത്ര്യത്തിൻ കൈത്തിരി കത്തിച്ചിങ്ങു
വന്നാലും വന്നാലും നീ വന്ദ്യമാം പ്രഭാതമേ !
മേല്ക്കുമേൽ പുളകത്തിൻ മുളപൂണ്ടുണരട്ടെ
പേക്കിനാവുകൾ കണ്ടു പേടിച്ച പൂക്കാടുകൾ
മൂടൽമഞ്ഞാകും മൂടുപടത്തെപ്പാടെ മാറ്റി–
പ്പാടുവാനുണരട്ടെ പേശലപ്പറവകൾ
വെളിച്ചം കടിച്ചലമത്ഭുതോന്മാദം തിങ്ങി–
തെളിവാർന്നാടീടട്ടെ പുഷ്പിതലതികകൾ
സത്യത്തിൻ സമുജ്ജ്വല സങ്കല്പം പുല്കിപ്പുല്കി–
സത്വരം പ്രകാശമേ, വന്നാലും വന്നാലും നീ!
സൗന്ദര്യദേവത, കാമുകി തുടങ്ങിയ കവിതകൾ വായിച്ചപ്പോൾ ചങ്ങമ്പുഴയോടു സദൃശനായ ഒരു കവിയായി തോന്നാതിരുന്നില്ല. ചങ്ങമ്പുഴയും അക്കാലത്ത് എഴുതിത്തുടങ്ങിയിട്ടേയുള്ളു. രണ്ടുപേരിലും കാണുന്ന ശൈലീഭംഗിയും, ആശയമധുരിമയും ആരെയും അത്ഭുതം കൊള്ളിക്കും. 1918-ൽ ജനിച്ച വാലത്തിനു് കവിതയെഴുതുന്ന കാലത്ത് ഇരുപതു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു എന്നുകൂടി നാമോർക്കേണ്ടതാണു്. ‘വാലത്തിൻ്റെ കവിതകൾ’ എന്ന പേരിൽ ഒരു സമാഹാരം അദ്ദേഹത്തിൻ്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
