പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

ജി. കുമാരപിള്ള: ഉന്നത ചിന്തകളും ആശയങ്ങളും ഉൾക്കൊള്ളുന്ന ഒരു സൽകവിയാണു് ജി. കുമാരപിള്ള. രൂപഭാവങ്ങളിൽ ഒട്ടൊക്കെ ചങ്ങമ്പുഴയെയാണു കവി അനുകരിക്കുന്നതെന്നു തോന്നുന്നു. അരളിപ്പൂക്കൾ എന്ന സമാഹാരത്തിൽ നാല്പതു ലഘു കവനങ്ങൾ അടങ്ങിയിരിക്കുന്നു. അനീതി, അക്രമം തൊട്ടുള്ള വൈപരീത്യങ്ങൾ കണ്ടു് അമർഷഭരിതനായിത്തീരുന്ന ഒരു മനുഷ്യസ്നേഹിയുടെ ഹൃദയത്തിൽനിന്നുയരുന്ന സമര​ഗാനങ്ങളാണു ‘മുക്തിയുദ്ധം’, ‘ഉണർന്നെഴുന്നേല്പു്’ തുടങ്ങിയ കവിതകൾ.

‘പൊൻകിനാവു് മനോജ്ഞമായ ഒരു പ്രണയഗാനമാണു്. ‘ഗ്രാമപ്രകൃതിയുടെ ചേതോഹരമായ പശ്ചാത്തലത്തിൽ, ആ രമണീയ ദൃശ്യത്തിൽനിന്നും ഉയിർക്കൊള്ളുന്ന സങ്കല്പങ്ങളുടെ നിർമ്മല പരിവേഷത്തോടുകൂടി കൃഷീവലസംസ്ക്കാരത്തിൽ പൊടിച്ചുയരുന്ന കല്പനകളും ആശയങ്ങളും അനുപദം ഇഴുകിച്ചേർന്നു രൂപമെടുക്കുന്ന ആ പ്രേമഗാനം അതിവിദഗ്ദ്ധമായ ഒരു കലാസൃഷ്ടിയാണു്’ എന്നു് അവതാരികയിൽ എൻ. കൃഷ്ണപിള്ള കുറിച്ചിട്ടുള്ളതും അധികം അതിശയോക്തി കലരാത്ത ഒരു യാഥാത്ഥ്യമാണു്.

കുടമാർന്നു ചായുന്ന നെല്ലുകൾ നോക്കി ഞാൻ
വയലോരത്തന്നെല്ലാം നിന്നീടുമ്പോൾ
കനിയുന്ന നാണത്താൽ കുനിയുന്ന തൂമുഖം
പരിചോടു താഴ്ത്തി നീ വന്നതില്ലേ?

Leave a Reply

Your email address will not be published. Required fields are marked *