പുതിയ തലമുറ
രൂപഭാവങ്ങൾ ഇവിടെ എത്രമാത്രം ഹൃദ്യമായി മേളിച്ചു നിലകൊള്ളുന്നുവെന്നു നോക്കുക! ‘സ്നേഹദൂതൻ’ കവിയുടെ വിചാരവിശാലതയെ പ്രകാശിപ്പിക്കുന്ന ഒരു കൃതിയത്രെ. ക്രിസ്തുവിൻ്റെ അവിസ്മരണീയങ്ങളായ ജീവിതഘട്ടങ്ങളെ ഭാവോജ്ജ്വലമായി സൂചിപ്പിക്കയും ചിന്തിപ്പിക്കയുമാണു് അതിൽ ചെയ്യുന്നത്. അയത്നലളിതമായ പദവിന്യാസം കൊണ്ടു മാത്രം തൃപ്തിപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ യുവകവികളിൽ നല്ലൊരുവിഭാഗവും. അവർ ആശയസമ്പന്നവും ഭാവപുഷ്ക്കലവുമായ ഇത്തരം കൃതികളെ അനുകരിക്കുന്നതു നന്നായിരിക്കും. മരുഭൂമിയുടെ കിനാവുകൾ കവിയുടെ മറ്റൊരു സമാഹാരമാണു്. ‘എത്ര യാദൃച്ഛികം’ എന്ന സമാഹാരം അത്യാധുനികന്മാരുടെ ചേരിയിൽ ചേർന്നു് എഴുതിയിട്ടുള്ള ഒന്നാണെന്നു തോന്നുന്നു. ഓർമ്മയുടെ സുഗന്ധം വിചാരരമണീയമായ ഒരു കൃതിതന്നെ.
കൃഷ്ണൻ പറപ്പള്ളി: മറുനാടൻ മലയാളികളിൽ ഒരാളാണു് കൃഷ്ണൻ പറപ്പള്ളി. മലയാള ഭാഷയുമായി വലിയ ബന്ധമില്ലാത്ത ഒരു പ്രദേശത്താണു ജീവിതമെങ്കിലും സ്വഭാഷയോടും അതിലെ കാവ്യശാഖയോടും അദ്ദേഹം ഇന്നും അവിഭക്തബന്ധം പുലർത്തിക്കൊണ്ടിരിക്കയാണു്. കവിതാനർത്തകി, നവരേഖ, ഗാനമേള, ഭാവരേണുക്കൾ, യുഗനാദം, യുഗശില്പികൾ തുടങ്ങിയ കാവ്യസമാഹാരങ്ങൾ അതിനു് ഉത്തമനിദർശനങ്ങളത്രെ. ഉത്തമനായ ഒരു കവി സത്യസൗന്ദര്യങ്ങളുടെ പ്രവാചകനായിരിക്കുമല്ലോ. പറപ്പള്ളി സൗന്ദര്യദർശനത്തിൽ സദാ ജാഗരൂകനാണു്. സത്യത്തെ താലോലിക്കുന്നതിലും അതുപോലെതന്നെ. അദമ്യമായ ഒരു പുരോഗമനവാഞ്ഛ രണ്ടിലും അന്തർഗൂഢമായി നിലകൊള്ളുകയും ചെയ്യുന്നു.
ഭാവരേണുക്കളിലെ ‘നേരം തെറ്റി’ എന്ന കവിത നോക്കുക. ഇന്നത്തെ ശാസ്ത്രയുഗത്തിൽ ഇനിയും പുറകോട്ടുപോകുന്നതിൻ്റെ ഗതികേട് അതിൽ പ്രസ്പഷ്ടമാക്കിയിരിക്കുന്നു. അഥവാ നാണുവിൻ്റെ പരാജയത്തിൽക്കൂടി അന്ധവിശ്വാസ ഭഞ്ജനത്തിനുള്ള അതിശക്തമായ ഒരു പ്രേരണ കവി വിളംബരം ചെയ്യുന്നു. പ്രസ്തുത സമാഹാരത്തിലെതന്നെ ‘കരിയിലകൾ’ എന്ന കവിത കവിയുടെ പുരോഗമനവാഞ്ഛയുടെ വിജയവൈജയന്തിയായി വിലസുന്നു.
