പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

കരിയിലകളേ, ഞരങ്ങിടുന്നുവോ
കൊഴിഞ്ഞുവീഴുവാൻ സമയമായപ്പോൾ
…………………………………………………………..
പുതിയ കൂമ്പുകൾ പൊടിക്കവേ, നിങ്ങൾ
പിടയുന്നോ കഷ്ടം! പ്രതാപഹാനിയിൽ?
കഴിഞ്ഞു നിങ്ങൾതൻ ദിനങ്ങൾ വേഗത്തിൽ
കൊഴിഞ്ഞുവീഴുവാനൊരുങ്ങിക്കൊള്ളുവിൻ!
തരുവിനുള്ളതാമുയിരും വീര്യവും
തുടരും പിന്നെയും തളർച്ചയെന്നിയേ;
തരുവിൻ വാഗ്ദാനം മലരിലുമോരോ
തളിരിലും വീണ്ടും തുടുത്തുമിന്നിടും;
അഭംഗുരമായി വളരുമായതി-
ലഭിനവജീവൻ തുടിക്കുമെപ്പൊഴും!
…………………………………………………..
സമഷ്ടിഭാവത്തിൻ സുമാവലി ചൂടും
സുമോഹനമാകും പ്രതീകമീ മരം
വളർച്ചയാണതിൻ സനാതനസത്യം
വളർച്ചയാണതിൽ നിഴലിക്കും തത്ത്വം
വളരുമിത്തരുശിഖരത്തിൽ നിങ്ങൾ
വളർച്ചമുട്ടിയോർ വിരൂപത ചേർപ്പൂ;
ചെറിയൊരു കാറ്റിൻ ചലനശക്തിയെ
ചെറുത്തിടാൻ പോലുമശക്തരായ് നിങ്ങൾ
കഴിഞ്ഞു നിങ്ങൾതൻ ദിനങ്ങൾ; വേഗത്തിൽ
കൊഴിഞ്ഞുവീഴുവാനൊരുങ്ങിക്കൊള്ളുവിൻ!

തങ്ങളുടെ കാലം കഴിഞ്ഞുവെന്ന ബോധമില്ലാതെ പിന്നെയും അധികാര സ്ഥാനങ്ങളിൽ പിടിച്ചുനില്ക്കുന്നവരും, അതിനായി വെമ്പുന്നവരുമായ നേതാക്കളുടെ നിലയെക്കൂടി സോപഹാസം കവി ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു. ഇതുപോലെ ശ്രദ്ധേയങ്ങളായ പലതും പറപ്പള്ളിയുടെ കൃതികളിൽനിന്നു് ഉദ്ധരിക്കുവാനുണ്ട്. ആശയം മാത്രമല്ല അദ്ദേഹത്തിനുള്ളതു്. വിവക്ഷിതത്തെ വെളിപ്പെടുത്തുവാനുള്ള പദവിന്യാസപാടവവും കവിക്കു സ്വായത്തമായിട്ടുണ്ട്. മുപ്പതു ഗീതകങ്ങളുടെ സമാഹാരമായ ‘യുഗനാദം’ അനുവാചകരെ കൂടുതൽ ആമോദിപ്പിക്കുന്ന ഒരു കൃതിയത്രെ.

Leave a Reply

Your email address will not be published. Required fields are marked *