പുതിയ തലമുറ
ദീപാവലി: അഞ്ഞൂറോളം പദ്യങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മഹാകവി ഉള്ളൂരിൻ്റെ കൃതികളോടനുബന്ധിച്ച് ഇതിലെ സൂക്തിരത്നങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.
സുഭാഷിതങ്ങൾ: ക്രൈസ്തവപുരാണങ്ങളിൽ ദാവീദുരാജാവിനും അദ്ദേഹത്തിൻ്റെ പുത്രനായ ശലമോൻ (സൈമൺ) രാജാവിനുമുള്ള സ്ഥാനം അതുല്യമാണു്. ബൈബിളിൽ ചേർത്തിട്ടുള്ള സങ്കീർത്തനങ്ങളിൽ നല്ലൊരുഭാഗം ദാവീദുരാജാ വിൻ്റെ സൃഷ്ടിയത്രെ. ശലമോൻ്റെ പേരിൽ ബൈബിളിൽ ചേർത്തിരിക്കുന്ന കൃതികളാണ് ഉത്തമഗീതങ്ങളെന്നും സുഭാഷിതങ്ങളെന്നും പറഞ്ഞുവരുന്നവ. മേല്പറഞ്ഞ കൃതികളിൽ ആദ്യത്തേതു് ‘വിശുദ്ധകാവ്യസങ്കീത്തനങ്ങൾ’ എന്ന പേരിൽ ജോസഫ് ചെറുവത്തൂർ ഇതിനുമുമ്പുതന്നെ പദ്യരൂപത്തിൽ വിവർത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തേതായ സൈമൻ്റെ കൃതിയാണു് ‘സുഭാ ഷിതങ്ങൾ’ എന്ന പേരിൽ അദ്ദേഹം പിന്നീടു വിവർത്തനം ചെയ്തിട്ടുള്ളതു്.
ഇസ്രായേൽ മന്നവശ്രേഷ്ഠാൻ – ദാവീദിൻ പ്രിയനന്ദനൻ
വിശ്വവിശ്രുതനാം വിജ്ഞൻ സോളമൻ്റെ സുഭാഷിതം.
അതു് അനുഷ്ടുപ്പു വൃത്തത്തിൽ 31 സർഗ്ഗങ്ങളിലായി പ്രകാശിപ്പിച്ചിട്ടുള്ളതാണു്. ചെറുവത്തൂരിൻ്റെ സുഭാഷിതങ്ങളിൽ രീതികാണിക്കുവാൻ ഒരു പദ്യം മാത്രം ഉദ്ധരിക്കുന്നു:
ദൂരദേശത്തു പാർക്കുന്ന- സഹോദരനിലും പരം
അയൽക്കാരൻ നമുക്കെന്നും- നല്ലവൻതന്നെ നിശ്ചയം.
അശ്രുധാര, കലാവതി എന്നിവ ചെറുവത്തൂരിൻ്റെ മറ്റു ചില കൃതികളത്രെ.
