പുതിയ തലമുറ
സുകുമാരൻ പൊറ്റെക്കാട്ട്: നല്ല ഒരു ഗദ്യകാരൻ എന്ന നിലയിലാണു് സുകുമാരൻ പൊറ്റെക്കാട്ടിനെ അധികംപേരും അറിയുക. എന്നാൽ അദ്ദേഹം ഒരു കാവ്യരചയിതാവുകൂടിയാണെന്നു സുകുമാരഗീതകൾ എന്ന കൃതി വിളംബരം ചെയ്യുന്നു. 15 ലഘുകവിതകളുടെ സമാഹാരമായ പ്രസ്തുത കൃതിയിലെ ഓരോ കവിതയും ശബ്ദാർത്ഥസുന്ദരമാണു്. കവിയുടെ ഭാവനയേയും സൗന്ദര്യബോധത്തേയും പ്രകടമാക്കുവാൻ പ്രകൃതിയുടെ പാവന സൗഭാഗ്യത്തെ വാഴ്ത്തുന്ന പ്രേമാർച്ചനയിൽ നിന്നു് അല്പം ചില വരികൾ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ-
സൗരമണ്ഡലപൂജയ്ക്കു – വിരിഞ്ഞൂ താമരക്കുളം
സുധാകരനു നൈവേദ്യ – മാമ്പൽപ്പൂവരുളും സ്വയം
………………………………………………………………………………..
അനന്തതയ്ക്കു കൈകൂപ്പീ – സാദരം സാഗരോമികൾ
സ്മരിച്ചു കാലചൈതന്യം – ഗിരികൾ ധ്യാനിശ്ചലർ
സാന്ധ്യമോഹിനിയാൾക്കാരോ – ചൂടുന്നൂ സ്വർണ്ണഭൂഷകൾ
രാവിൻ്റെ കാർമുടിക്കെട്ടിൽ – തിരുകീ സന്ധ്യ പൂവുകൾ
പ്രേമാർത്ഥന സമർപ്പിപ്പൂ – കാമുകൻ കാമിനിക്കലം
ചിത്തസാമ്രാജ്യമേകുന്നൂ – ജീവിതേശ്വരനോമലാൾ…
അങ്ങനെ നീളുന്നൂ. ആ മനോഹരമായ ഭാവന.
പി. കൃഷ്ണകുമാർ: സാഹിത്യരംഗത്ത് ഇടയ്ക്കിടെ വിഹരിച്ചുകൊണ്ടിരിക്കുന്ന ഒരു വിശിഷ്ടകവിയാണു് കൃഷ്ണകുമാർ. വാസനാനുഗൃഹീതനായ ഈ കവി തുടർച്ചയായി കവനകലയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ നല്ലൊരു നിലയിൽ എത്തുമായിരുന്നു.
