പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

ആഴിക്കൊരു മകളായവൾ താനെ – ന്നഭിമാനത്തിൻ തികവോടേ
വെണ്മഴുവീശിയ മാമുനിതന്നുടെ – കണ്മണിയെന്നൊരു നിനവോടേ
ആദിജഗദ്ഗുരു തൻ തൃക്കാലടി – യാടിയ മണ്ണിൻ മണമോടേ
ജയ ജയ! കോമളകേരളനാടേ – കേളിവളർന്നൊരു മലനാടേ!

ഈ കേരളഗാനം എത്ര മനോഹരമായിരിക്കുന്നു. കവി അടുത്തകാലത്തു പ്രസിദ്ധീകരിച്ച ഒരു സമാഹാരമാണു് ഗാനഗന്ധർവ്വൻ. അഗ്നിപുത്രൻ, ഒറ്റമുലച്ചി, അമൃതനളിനി മുതലായവ പിന്നീടു് എഴുതിയിട്ടുള്ള കൃതികളാണു്.

മുത്തൂർ രാഘവൻനായർ: ഒഴുക്കും ഓജസ്സുമുള്ള ധാരാളം ദേശീയകവിതകൾ എഴുതിയിട്ടുള്ള വാസനാസമ്പന്നനായ ഒരു കവിയാണു് രാഘവൻനായർ. അദ്ദേഹത്തിൻ്റെ ‘രത്നകാന്തി’യിൽ മുപ്പത്താറു ലഘുകവിതകൾ അടങ്ങിയിരിക്കുന്നു. ഓരോന്നും ദേശാഭിമാനപ്രദമെന്നേ പറയേണ്ടൂ. ‘കണ്ണുനീർ’ ഒരു വിലാപകാവ്യമാണു്. മഹാകവി വള്ളത്തോളിൻ്റെ ദേഹവിയോഗത്തിൽ കവിക്കുണ്ടായ ഹൃദയവികാരങ്ങളുടെ പരിസ്ഫുരണമാണു് അതിൽ വിളങ്ങുന്നതു്.

കേകാരവം നീ വഴിയേ പൊഴിച്ചും,
ശുകസ്വനാനന്ദഭരം ചൊരിഞ്ഞും,
നതോന്നതം ജീവിതവേദി നാദ-
ബ്രഹ്മപ്രപഞ്ചോപമമാക്കിയല്ലോ.

എന്നിങ്ങനെ ചിന്താബന്ധുരമായ പദ്യങ്ങളെക്കൊണ്ട് അലംകൃതമാണു് പ്രസ്തുത കൃതി.

Leave a Reply

Your email address will not be published. Required fields are marked *