പുതിയ തലമുറ
എൻ. കെ. ജോൺ: ക്രിസ്തുവിൻ്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതത്തിലെ മുഖ്യസംഭവങ്ങൾ കൂട്ടിയിണക്കി വിരചിച്ചിട്ടുള്ള ഒരു കാവ്യപരമ്പരയാണു് എൻ. കെ. ജോണിൻ്റെ ‘സ്നേഹഗീതങ്ങൾ’. പ്രസ്തുത കൃതിയിൽ ഒൻപതു ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഓരോന്നിലും സ്നേഹത്തിൻ്റെ പുതുമലരുകൾ വിരിഞ്ഞുനില്ക്കുന്നതു പ്രേക്ഷകർക്കു കാണുവാൻ പ്രയാസമില്ല. പ്രമേയം വിശ്വോത്തരമായിട്ടുള്ളതുപോലെതന്നെ, കാവ്യത്തിലെ പ്രതിപാദനവും സഹൃദയ സമ്മതമായിത്തീർന്നിട്ടുണ്ട്. ദിവ്യദർശനത്തിൽനിന്നും ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:
കരവിരുതെഴും കതിരവൻ വാനിൽ
കലാവിലാസമോടതീവഹൃദ്യമായ്
നിറഭേദം കൂട്ടിയിണക്കി വേണ്ടപോൽ
നിലനിലയായി പലതരം രൂപം
വരച്ചുവച്ചിടും വിചിത്രശാലകൾ
നിരനിരയായി നിറഞ്ഞുനില്പതു
പലകുറി പാർത്തു രസിച്ചൊരു സന്ധ്യ
നിമീലിതാക്ഷിയായിരുന്നുപോയ് ക്ഷണം.
പീലാത്തോസിൻ്റെ മുമ്പിൽ നിലകൊള്ളുന്ന ക്രിസ്തുവിനെ ചിത്രീകരിക്കുന്ന ഒരു ഭാഗം നോക്കുക:
ഉണ്മയായ് വെണ്മവീശി വിലസുമീശൻ തൻ്റെ
കണ്മണിതന്നിൽനിന്നുമുതിർന്നു കിരണങ്ങൾ
പ്രസരിച്ചവിടെങ്ങുമിളക്കി കുളിരൊളി
പ്രകാശം പരത്തീടും ദിവ്യമാം ജ്യോതിസ്സുപോൽ.
കവിതയുടെ ധാർമ്മികലാവണ്യം സ്നേഹഗീതങ്ങളിൽ നിറഞ്ഞുവിലസുന്നുണ്ട്.
