പുതിയ തലമുറ
ഡോക്ടർ പി. കെ. വറുഗീസ്: പാശ്ചാത്യരും പൗരസ്ത്യരുമായ ക്രാന്തദർശികൾ ചിരകാലമായി വിഭാവനം ചെയ്തുപോന്നിട്ടുള്ള ഒരു മഹദാദർശമാണു് ഏകലോകം. വെൻറൽ വിൽകിയുടെ ഏകലോകം എന്ന സുപ്രസിദ്ധ കൃതിയുടെ ആവിർഭാവത്തോടുകൂടിയാണു് പ്രസ്തുത ആശയം ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും അതിവേഗത്തിൽ വ്യാപിച്ചിട്ടുള്ളത്.
ലോകാരംഭം മുതൽ നാം കാണുന്ന കാഴ്ചയാണു്. പരസ്പരം കൊല്ലുവാനും വെല്ലുവാനുമുള്ള മനുഷ്യൻ്റെ പ്രവണത. അതിനെ കഴിയുന്നതും നിയന്ത്രിക്കുവാൻ വേണ്ടിയാണു് ചാണക്യൻ തുടങ്ങിയവരുടെ ഭരണകാലങ്ങളിൽ കൗടില്യനെപ്പോലെയുള്ളവർ ചില രാജനീതികളും മറ്റും ഏർപ്പെടുത്തിയിരുന്നത്. അവയുടെ പരിഷ്കരണം പല പീനൽക്കോടുകൾവഴി നടന്നിട്ടുണ്ടെങ്കിലും ‘വലുതിന്നിര ചെറുതെ’ന്ന ആ മാത്സ്യന്യായം തന്നെ ഇന്നും വിജയിച്ചുകൊണ്ടിരിക്കയാണു്. ഈ വിശ്വവിപത്തിൻ്റെ ഭയങ്കരതയും അതിനുള്ള ചില പരിഹാരമാർഗ്ഗങ്ങളുമാണ് ഡോ. വറുഗീസിൻ്റെ ഏകലോകം എന്ന ഖണ്ഡകാവ്യത്തിലൂടെ പ്രകാശിപ്പിക്കുന്നത്. ചിന്താബന്ധുരങ്ങളായ ഇരുനൂറിലധികം ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഒന്നുരണ്ടെണ്ണം നോക്കുക:
ഒന്നാണീയുലകം സമസ്തജനവും
ഭ്രാതാക്കളാണൈക്യമാ–
ണെന്നും മാനുഷധർമ്മ,മൂഴി പൊതുവാം
നേട്ടം നരർക്കൊക്കെയും
എന്നേ പല്ലവി കേൾപ്പതുണ്ടിതുവിധം
പക്ഷേ തൃണം തെല്ലുമേ
തിന്നാ, നിർണ്ണയമേട്ടിലെപ്പശു, വിശ-
പ്പാറ്റീടുമോ തേൻപദം.
ചീനൻ സ്വീഡനറേബ്യനെന്നീവ-
രൊരേ സത്രത്തിലേകത്രവ-
ന്നെന്നാലക്ഷരമൊന്നു തമ്മിലുര-
ചെയ്തീടാനവർക്കാവതോ?
ചെന്നായ് ചെമ്പുലി കാട്ടുപോത്തിവ വഴി-
ക്കൊന്നിച്ചു ചേർന്നെന്നപോ-
ലന്യോന്യം മുഖമൊന്നു കണ്ടു പിരിയാം
തല്ലായ്കിലാശ്വാസമാം.
ധർമ്മവിജയം, വധൂരത്നം, ന്യായാസനം തുടങ്ങിയവയാണു് ഡോക്ടരുടെ മറ്റു കൃതികൾ.
