പ്രകൃതി നിരീക്ഷണം
രാമചരിതം മുതൽ ഇങ്ങോട്ടുള്ള കേരള സാഹിത്യ കൃതികളെയെല്ലാം പരിശോധിക്കുന്നപക്ഷം, അവ ഏതാണ്ടു് ഒരേ അച്ചിൽ വാർത്തെടുത്തതാണോ എന്നുള്ള ശങ്ക, അനുവാചകന്മാർക്കുണ്ടാകുന്നതാണ്. പൂർവ്വാചാര്യോപദിഷ്ടമായ മാർഗ്ഗങ്ങളിൽക്കൂടിമാത്രം സാഹിത്യസാമ്റാജ്യത്തിൽ സഞ്ചരിക്കുവാൻ നമ്മുടെ കവികൾ പ്രകടിപ്പിച്ച തിടുക്കത്തിൻ്റെ ഫലമാണിതു്. കാവ്യങ്ങളുടെ തരഭേദങ്ങൾ, അവയിൽ വർണ്ണിക്കേണ്ട വിഷയങ്ങൾ, നായികാനായകന്മാർ, രസഭാവാദികൾ മുതലായവ ഇന്നിന്ന വിധത്തിലായിരിക്കണമെന്നു പ്രാചീനാലങ്കാരികന്മാർ വിധിയെഴുതിയിട്ടുണ്ട്. തങ്ങൾക്കു മുമ്പുണ്ടായിരുന്ന മഹാകവികളുടെ കൃതികളെ പഠനം ചെയ്തിട്ടാണു് അവർ ഈ നിഗമനത്തിൽ എത്തി യിട്ടുള്ളത്’; എങ്കിലും പിൽക്കാലത്തെ കവികൾ ഈ ആചാര്യന്മാരുടെ മതം അക്ഷരംപ്രതി അനുവർത്തിക്കുവാനേ യത്നിച്ചിരുന്നുള്ള. ഈ പരിതഃസ്ഥിതി-ലക്ഷണയുക്തകാവ്യങ്ങളെഴുതുന്ന സമ്പ്രദായം–കേരളകവികളേയും ബാധിച്ചിരുന്നു.
അതുകൊണ്ടാണു്, കവിതയുടെ ഇതിവൃത്തത്തിലും വർണ്ണനാസമ്പ്രദായത്തിലും കേരളകവികൾ അടുത്തകാലം വരെ സംസ്കൃത സാഹിത്യത്തേയും കവികളേയും മാത്രം ആശ്രയിച്ചിരുന്നതു്. പുരാണപ്രോക്തമല്ലാത്ത ഒരു ഇതി വൃത്തം സ്വീകരിക്കുന്നതിനുപോലും ഒരു നൂററാണ്ടിനപ്പറത്തു ഒരു മലയാള കവിക്കും ധൈര്യംവരാതിരുന്നിട്ടുള്ളതിൻ്റെ കാരണമതാണു്. ഇതിവൃത്തത്തിൻ്റെ കാര്യത്തിലെന്നപോലെ കവിസങ്കേതങ്ങളെ സ്വീകരിക്കുന്നതിലും അവർ പരതന്ത്രരായിത്തന്നെ കഴിഞ്ഞുകൂടിയിരുന്നു. ഒരു സഹൃദയൻ മഹാകാവ്യങ്ങളെപ്പററി നിരൂപണം ചെയ്യുന്നിടത്തു് ഇങ്ങനെ പ്രസ്താവിക്കുന്നു:-
