പ്രകൃതി നിരീക്ഷണം
കുട്ടികളുടെ സ്വഭാവം വർണ്ണിക്കുന്നതിൽ നമ്പ്യാർക്ക് അന്യാദൃശമായ പാടവമുണ്ട്. ഉണ്ണികൃഷ്ണൻ,
‘കണ്ണൻ ചിരട്ടയിൽ പൂഴിനിറച്ചിട്ടു
കണ്ണുംതുളച്ചങ്ങുയർത്തിപ്പിടിക്കുന്നതും’
‘വെണ്ണയും പാലുമിരിക്കുംമുറികളിൽ
ഉണ്ണി ഓട്ടക്കണ്ണുമിട്ടു നോക്കുന്നതും’
‘കിങ്ങിണിജാലം കിലുങ്ങുന്ന ശങ്കിച്ചു
തങ്കരം കൊണ്ടങ്ങുപൊത്തിപ്പിടിക്കുന്നതും’
മററും എത്ര സ്വാഭാവികങ്ങളായിരിക്കുന്നു. അമ്പാടിയിലെ ഉണ്ണിക്കും അമ്പലപ്പുഴയിലെ ഉണ്ണിക്കും ഒന്നുപോലെ ചേരുന്ന സ്വഭാവങ്ങൾ മാത്രമാണിവ.
സന്താനഗോപാലത്തിൽ വിപ്രൻ്റെ മരിച്ചുപോയ കുട്ടികൾ വൈകുണ്ഠത്തിൽ ഭഗവാൻ്റെ സമീപത്തിരിക്കുന്നതു കേരളത്തിലെ ഒരു സാമാന്യഗൃഹസ്ഥൻ്റെ വീട്ടിലെന്നപോലെയാണു് :-
“വാഞ്ഛാസാകമൊരുണ്ണിയെ ഭഗവാൻ
ചാഞ്ചാടിച്ചു കളിപ്പിക്കുന്നു;
പൊക്കാക്കെക്കെയെന്നു പറഞ്ഞു
വിരലുപിടിച്ചു നിവർത്തി കുമാരൻ
ഇതിലിതിലതിലിതിലെന്നു പറഞ്ഞു
വിരലുകൾ ചെന്നു പിടിച്ചുനിവർത്തും,
കൌസ്തുഭമാശു പിടിച്ചുവലിച്ചു
കഴുത്തിലുടൻ കരയേറിയിരുന്നും,
മടിയിൽപ്പുക്കു സുഖേനശയിച്ചും
മകരക്കാതില കണ്ടുരസിച്ചും”
മാറ്റുമുള്ള ലീലകൾ എത്രകണ്ടു് അനുഭവരസമുള്ളവയെന്നു വിവരിക്കുവാൻ പ്രയാസം.
