അദ്ധ്യായം 8. മഹാകവി കുഞ്ചൻ നമ്പ്യാർ

പ്രകൃതി നിരീക്ഷണം

ശ്രോതാക്കളിൽ താദാത്മ്യബോധമുദിപ്പിക്കുവാനുള്ള കവിയുടെ ഈ ശ്രമം മററു സന്ദർഭങ്ങളിലും നമുക്കു കാണാം. കല്യാണസൗഗന്ധികത്തിൽ കാട്ടാളരാജനെ ചിത്രീകരിക്കുന്നതിങ്ങനെയാണ്.

“ചെമ്പിച്ചതാടിയും മീശയും കേശവും
വമ്പിച്ചകൈകളിൽ വില്ലും ശരങ്ങളും
ചെമ്പരത്തിപ്പുകണക്കെ നേത്രങ്ങളും
അമ്പിളിപോലെ വളഞ്ഞുള്ള പല്ലുകൾ
അഞ്ജനാപർവ്വതം പോലെ ശരീരവും
ഗുഞ്ജാഫലംകൊണ്ടു കോർത്തുള്ള മാലകൾ
കുഞ്ജരന്മാരുടെ കുംഭത്തടങ്ങളെ –
ബ്ഭുഞ്ജനം ചെയ്തങ്ങതിൽപ്പെട്ട മുത്തുകൾ
അഞ്ജസാ കുത്തിത്തുളച്ചു കോർത്തങ്ങനെ
സഞ്ജാതമായുള്ള മാലാകലാപവും
മഞ്ഞക്കുറികളും മായൂരപിഞ്ചവും
മഞ്ചാടിമാലയും മാറിൽ പലതരം
ഉച്ചത്തിലുള്ളൊരു കണ്ഠനാദങ്ങളും
മെച്ചത്തിലുള്ളൊരു വീര്യഭാവങ്ങളും
കച്ചകെട്ടിച്ചില തൊങ്ങലും വാലുമി-
ഭൂത്യന്തഘോഷമാം വേഷം ഭയങ്കരം.”

തിരുവനന്തപുരത്തു കാഴ്ചബംഗ്ലാവിൽ പണിഞ്ഞുവെച്ചിട്ടുള്ള വേടപ്രതിമയുടെ കർത്താവിനെപ്പോലും ലജ്ജിപ്പിക്ക ത്തക്ക കലാസൗന്ദര്യവും ഹൃദയാവർജ്ജകത്വവും തികഞ്ഞ ഈ വാകചിത്രണത്തിൽ നമ്പ്യാരെപ്പോലെ അനുഗ്രഹീതനും നിരീക്ഷണചതുരനുമായ ഒരു കവീന്ദ്രനല്ലാതെ ഒരിക്കലും സാധിക്കുന്നതല്ല.