അദ്ധ്യായം 8. മഹാകവി കുഞ്ചൻ നമ്പ്യാർ

പ്രകൃതി നിരീക്ഷണം

ഈ വിമർശം മഹാകാവ്യങ്ങളെപ്പറ്റിയാണെങ്കിലും, ഭാഷയിലെ എല്ലാത്തരം കാവ്യങ്ങൾക്കും ഇതു ബാധകമാകുന്നു. ഈദൃശമായ ഗതാനുഗതികത്വം നിമിത്തമാണു് ഭാഷാകാവ്യങ്ങൾ, ഏതാണ്ടു നമുക്കപരിചിതമായ ഒരു ലോകത്തിൽ ചരിക്കുന്നതും, അവയിലെ പാത്രങ്ങൾ മിക്കവാറും നിർജ്ജീവങ്ങളായിതീന്നിരിക്കുന്നതും. കവി, ദേശകാലപരിതസ്ഥിതികൾക്ക് അജ്ഞനായി വർത്തിച്ചു കൊണ്ടാണു കാവ്യനിർമ്മാണം ചെയ്തിരുന്നതു്. ശോചനീയമായ ഈ സമ്പ്രദായത്തിൽനിന്നകുന്നു കാവ്യനിർമ്മാണത്തിൽ കുറേയെങ്കിലും സ്വാതന്ത്ര്യം കാണിപ്പാൻ ധൈര്യപ്പെട്ട ആദ്യ മഹാകവി കുഞ്ചൻ നമ്പ്യാരാണെന്നുള്ളത്

അനിഷേധ്യമായ ഒരു വസ്തുതയാകുന്നു. പുരാണകഥകളല്ലാത്ത ഇതിവൃത്തം സ്വീകരിക്കുവാൻ നമ്പ്യാർ ധൈയ്യപ്പെ ട്ടില്ലായിരിക്കാം. അതു് തൻ്റെ ശ്രോതാക്കളുടെ അഭിരുചിയെ ആദരിക്കുവാൻ അദ്ദേഹം മുതിന്നതിൻ്റെ ഫലമാണു്. എന്നാൽ സ്വീകൃതമായ ഇതിവൃത്തത്തെ തനിക്കു ചുററും കണ്ട ലോകവുമായി ബന്ധിച്ച്, ദേശകാലാനുവർത്തിയായി വർണ്ണിക്കുവാൻ നമ്പ്യാർ പ്രകടിപ്പിച്ചിട്ടുള്ള പാടവം അന്യാദൃശമായിരിക്കുന്നു. കുഞ്ചൻനമ്പ്യാർക്കു മുമ്പു യാതൊരു കവിയും, തൻ്റെ ചുററുപാടുമുള്ള പ്രകൃതിയേയും ലോകത്തേയും വീക്ഷിച്ച് അതിനു കാവ്യത്തിൽ ഒരു സ്ഥാനം നൽകുവാനുള്ള കർമ്മധീരത പ്രദർശിപ്പിച്ചിട്ടില്ല. ചില ചമ്പുകാരന്മാർ, സ്വകാവ്യങ്ങളിൽ ചിലേടത്തു് വർണ്ണനകൾക്കു കേരളീയത്വം നൽകിയിട്ടുണ്ടെന്നുള്ളതു വാസ്തവം തന്നെ. എന്നാൽ അവ ഇതരവർണനകളിൽനിന്നു ഒററതിരിഞ്ഞു നിൽക്കുന്ന വിധത്തിലുള്ളവ മാത്രമാണു്. നമ്പ്യാരുടേതാകട്ടെ കഥാഗതിയിൽനിന്നു കേരളീയത്വത്തെ ഒരിക്കലും വേർതിരിക്കാൻ കഴിയാത്തവണ്ണം അത്ര അവിഭാജ്യമായിട്ടുള്ളതത്രെ.