അദ്ധ്യായം 8. മഹാകവി കുഞ്ചൻ നമ്പ്യാർ

പ്രകൃതി നിരീക്ഷണം

കുഞ്ചൻനമ്പ്യാർക്കു് കേരളത്തിലെ സ്ഥലകാലങ്ങളോടും ജനസമുദായങ്ങളുടെ ആചാര്യമര്യാദകളോടും അവ ഗാഢമായി സിദ്ധിച്ചിരുന്ന പരിചയവും, ചുററും കാണുന്ന സംഗതികളെ നിരീക്ഷിച്ചു മനസ്സിലാക്കുന്നതിനു് അദ്ദേഹ ത്തിനുണ്ടായിരുന്ന അന്യാദൃശമായ വൈഭവവും സാഹിത്യത്തിൽ ഈ നവീനത്വം വരുത്തുന്നതിനു് അദ്ദേഹത്തെ പ്രാപാതനാക്കിത്തീർത്തു. തുള്ളൽക്കഥാനിർമ്മാണകാലങ്ങളിലധികവും അദ്ദേഹം അമ്പലപ്പുഴയായിരുന്നല്ലൊ താമസം. അവിടത്തെ ജലാശയങ്ങളോടും ഭൂപ്രകൃതിയോടും അദ്ദേഹത്തിനു സുദൃഢമായ പരിചയമുണ്ടായിരുന്നു. പമ്പാനദിയുടെ പതനസ്ഥാനമായ വെമ്പനാട്ടുകായലിൻ്റെ തെക്കെ അറ്റത്തു ജലവാഹനങ്ങളും ജലജീവികളും ചരിക്കുന്നതു് നിത്യമെന്നപോലെ കണ്ടിരുന്ന കവിക്ക് സ്വർഗ്ഗവും പാതാളവുമെല്ലാം വർണ്ണിക്കുമ്പോഴും ആ കായലുകളും തോടുകളുമാണു് ഓർമ്മവരിക.