പ്രകൃതി നിരീക്ഷണം
അളകാപുരിയിലെ യക്ഷരാജൻ്റെ “കളികുളികുളത്തിൽ മുതലകളുണ്ടായിരുന്നെന്നും, ആ കുളത്തിൻ്റെ തീരങ്ങൾ വക്രങ്ങളായിരുന്നുവെന്നും, കുളത്തിൽ വലിയ ജലതിര നിരകൾ ഉണ്ടായിരുന്നെന്നും കേൾക്കുമ്പോൾ നമുക്കു ചിരിതോന്നാം. കേരളോർവ്വിയുടുക്കുന്ന പുടവക്കസവുപോലെ കുട്ടനാട്ടിലെ നെല്ലിൻപാടങ്ങളിൽക്കൂടി വളഞ്ഞൊഴുകുന്ന ആറുകളെയും അവയിലെ സന്തതസഹചാരികളായ നക്രമത്സ്യാദികളെയും, വർഷകാലത്തു് അവയിലുണ്ടാകുന്ന കോളുകളെയും കണ്ടനുഭവപ്പെട്ടിട്ടുള്ള കവി താനറിയാതെ വിത്തേശവാപിയെ കുട്ടനാട്ടിൽ പ്രതിഷ്ഠിച്ചുപോയതാണു്. നമ്പ്യാരുടെ ജലവർണ്ണനകളിൽ പലപ്പോഴം ഈ ഭ്രാന്തി കാണാം.
നർമ്മദയിലെ വെള്ളപ്പൊക്കത്തിൽ കിടന്നു കഷ്ടപ്പെടുന്ന ദശാസ്യനെ കവി വർണ്ണിക്കുന്നതിങ്ങനെയാണു്.
“തള്ളിവരുന്നൊരു വെള്ളത്തിരയിൽ
തുള്ളിയലഞ്ഞു വലഞ്ഞു ദശാസ്യൻ
വെള്ളവുമൊട്ടു കുടിച്ചു തടിച്ചു
പള്ളയുമൻപൊടു വീർത്തുതുടങ്ങി
ഇരുപതു കൈകൊണ്ടൊത്തുതുഴഞ്ഞു
കരപറ്റാഞ്ഞു കരങ്ങൾ കുഴഞ്ഞു
ഇരുപതു തണ്ടുകൾ വെച്ചുമുറുക്കിയ
പെരിയൊരുവഞ്ചി കണക്കെ രാവണ-
നൊരുവണ്ണം കരപറ്റിക്കയറി-
ത്തെരുതെരെമണ്ടിദ്ദൂരെച്ചെന്നു.”
