പ്രകൃതി നിരീക്ഷണം
കുട്ടനാട്ടിലെ വള്ളംകളിയുംമററും കണ്ടിരിക്കുവാൻ സൗകര്യമുള്ള കവിക്കു് ഇരുപതു തണ്ടുകൾ വെച്ചുമുറുക്കിയ പെരിയൊരുവഞ്ചിയുടെ കഥ സാദൃശ്യമായിതോന്നിയതിൽ അത്ഭുതപ്പെടുവാനില്ല. നമ്പ്യാർക്കു വഞ്ചി (വള്ളം)യോടുള്ള പരിചയം തുള്ളലുകളിൽ പലഭാഗത്തും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടു്. പരസ്പരാനുയോജ്യതയുള്ള യുവതീയുവാ ക്കന്മാരുടെ വിവാഹാലോചനകളിൽ മദ്ധ്യവർത്തിയുടെ ജോലി വളരെ ലഘുവാണെന്നു നളചരിതത്തിലെ അരയന്നം ദമയന്തിയെ ബോധ്യപ്പെടുത്തുന്നതിങ്ങനെയാണു്.
“നീററിലിരിക്കും വള്ളങ്ങൾക്കൊരു
കാററുകണക്കെ പിടിച്ചെന്നാകിൽ
തണ്ടു വലിക്കുന്നാളുകളെല്ലാം
മിണ്ടാതവിടെയിരുന്നാൽ പോരും
അമരക്കാരൻ തലതെററാതെ
കിമപി സഹായം ചെയ്താൽ കൊള്ളാം.”
അനുകൂലമായ കാറ്റിൽ, കായലിൽകൂടി വള്ളങ്ങൾ ചരിക്കുന്നതു കണ്ടിട്ടുള്ളവർക്കു തീർച്ചയായും ഈ പ്രയോഗം ഹൃദയംഗമമായിത്തന്നെയിരിക്കും.
