പദ്യസാഹിത്യചരിത്രം. മുപ്പത്തിരണ്ടാമദ്ധ്യായം

പ്രത്യവലോകനം

ഭാഷാപദ്യസാഹിത്യത്തിൻ്റെ അന്നു മുതൽ ഇന്നുവരെയുള്ള പുരോഗതി സാമാന്യമായി നാം ദർശിച്ചുകഴിഞ്ഞു. മലയാളസാഹിത്യത്തിൻ്റെ പ്രാചീനരൂപം ഇനിയും നമുക്കു ശരിക്കറിയുവാൻ കഴിഞ്ഞിട്ടില്ല. കേരളഭാഷയുടെമേൽ തമിഴിന്നു സ്വാധീനമുണ്ടായിരുന്ന കാലത്തു നിർമ്മിച്ച രാമചരിതം, പാട്ടുകളുടെ ഇനത്തിൽ ആദ്യത്തേതായി ഗണിച്ചുപോരുന്നു. അതുപോലെതന്നെ സംസ്കൃതത്തിൻ്റെ അധികാരം മലയാളത്തിൽ പ്രയോഗിച്ചുതുടങ്ങിയ ഒരു കാലഘട്ടത്തിൽ നിർമ്മിച്ച ഉണ്ണുനീലിസന്ദേശം, മണിപ്രവാള കൃതികളിൽ ആദ്യത്തേതായും സങ്കല്പിച്ചുപോരുന്നു. അതിനാൽ ഈ കാലഘട്ടം മുതല്ക്കേ ഭാഷാകവിതയെപ്പറ്റി നമുക്കെന്തെങ്കിലും പറയുവാൻ നിവൃത്തിയുള്ളു.

കൊല്ലം ആറാം ശതകത്തിലാണ് ഉണ്ണുനീലിസന്ദേശത്തിൻ്റെ രചന. അതിൻ്റെ ഉത്ഭവകാലത്തും അതിനു കുറെ മുമ്പുമായി ഉണ്ണുനീലിസന്ദേശംപോലെയുള്ള പല മണി പ്രവാളകൃതികളും പുറപ്പെട്ടിരുന്നു. ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള ഉദാഹരണപദ്യങ്ങളിൽനിന്നു് ഈ വസ്തുത വ്യക്തമാണു്. രാമചരിതത്തെത്തുടർന്നു ആദ്യഘട്ടത്തിൽ ത്തന്നെ പുറപ്പെട്ടവയാണു് കണ്ണശ്ശകൃതികളും, ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും. കൃഷ്ണഗാഥ നമ്മുടെ പ്രാചീനകാവ്യാന്തരീക്ഷത്തിലെ ഒരു തേജഃപുഞ്ജം തന്നെയാണു്. മലയാള ഭാഷയുടെ മാറ്റും നിറവും അതു് ഇന്നും പ്രകാശിപ്പിച്ചുകൊണ്ടുതന്നെയിരിക്കുന്നു.