പദ്യസാഹിത്യചരിത്രം. മുപ്പത്തിരണ്ടാമദ്ധ്യായം

പ്രത്യവലോകനം

എന്നിരുന്നാലും ഒരു വസ്തുത ആരും സമ്മതിച്ചേ മതിയാവു. നോവലുകൾ തുടങ്ങിയ ഗദ്യകൃതികൾക്കു ലഭിക്കുന്നതുപോലെയുള്ള ഒരു സ്വീകരണം പദ്യകൃതികൾക്കു സാധാരണ ജനങ്ങളിൽനിന്നു പ്രതീക്ഷിക്കാവുന്നതല്ലെന്നുള്ളതാണതു്. എന്നുവരികിലും ഇന്നത്തെ സങ്കീർണ്ണങ്ങളായ ജീവിത പ്രശ്നങ്ങൾ യഥോചിതം കൂട്ടിയിണക്കി അവയ്ക്കു കലാപരമായ പരിഹാര മാർ​ഗ്ഗങ്ങൾ നിദ്ദേശിക്കുന്ന ഉത്തമ പദ്യകൃതികൾ നാളത്തെ അന്തരീക്ഷത്തിലും സ്വാഗതാർഹങ്ങളാകാതിരിക്കില്ല. ആശയ പ്രചാരത്തിലെന്നപോലെ ആവിഷ്ക്കരണ പ്രകാരത്തിലും ഓരോന്നിൻ്റേയും മൂല്യം കളഞ്ഞുകളിക്കാത്ത കവിതകൾ ജനത എക്കാലവും ആദരിക്കുകതന്നെ ചെയ്യും.

നമ്മുടെ ചലച്ചിത്ര ഗാനങ്ങളും ഈയവസരത്തിൽ ശ്രദ്ധേയമാണ്. മറ്റു പദ്യ കൃതികളേക്കാൾ അതിവേഗത്തിൽ ജനഹൃദയത്തെ വശീകരിക്കുന്ന ഒരു പ്രസ്ഥാനമാണതു്, സാഹിത്യത്തിലുള്ള മറ്റെല്ലാ പ്രസ്ഥാനങ്ങളേക്കാളും സിനിമാ ഗാനങ്ങൾക്കാണ് ഇന്നു പ്രചാരം സിദ്ധിച്ചുകഴിഞ്ഞിട്ടുള്ളത്. ഇന്നത്തെ അന്തരീക്ഷത്തിൽ ഒരു ബഹുജന പ്രസ്ഥാനമായി മുന്നേറുകയാണു്. അവിടെയും സംഗീതഭംഗിക്കൊപ്പം കലയുടെ ആന്തരിക ലക്ഷ്യം കളഞ്ഞുകുളിക്കാതെയുള്ള കൃതികൾ നീണ്ടുനില്ക്കുമെന്നുള്ളതിൽ സംശയമില്ല.