പ്രത്യവലോകനം
കലയുടെ പരമലക്ഷ്യം സംസ്കാരമാണെന്നുവരികിലും സൗന്ദര്യബോധത്തിൽ നിന്നു നാമ്പെടുക്കുന്ന സംസ്കാരമാണു് ഏറ്റവും അഭികാമ്യമെന്നുള്ളതും വിസ്മരിച്ചുകൂടാ. ചുരുക്കത്തിൽ ആശയത്തെ കവിതയായി പാകപ്പെടുത്തുന്ന കൃതികളാണ് എന്നും അനശ്വരങ്ങളായിത്തീരുക. അത്തരത്തിൽ മനുഷ്യ ജീവിതത്തെ ലളിത സുന്ദരമായ ഭാഷയിൽ കലാപരമായി ആവിഷ്ക്കരിക്കുന്ന കൃതികൾ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ചു ഇന്നാണു കൂടുതൽ ആവശ്യമായിത്തീർന്നിട്ടുള്ളതു്. ഔന്നത്യം കലർന്ന അത്തരം കൃതികൾവഴിക്കേ മലയാള കവിത പുതിയ കൂമ്പുകൾ വിടർത്തി മുകളിലേക്കു വളരൂ. ഇന്നത്തെ കവിതാ പ്രവാഹത്തെപ്പറ്റി വിചാരിക്കുമ്പോൾ ”ബഹളം ബഹുലം രചന വിരളം” എന്നു് ആരോ പറഞ്ഞിട്ടുള്ളതാണു് ഓർമ്മ വരുന്നത്. വിപുലങ്ങളായ പ്രശ്നങ്ങളേയും ആശയങ്ങളേയും ആവിഷ്കരിക്കാൻ ഇന്നത്തെ ധ്യാനമൂകമായ അന്തരീക്ഷത്തിൽനിന്നു് ഉടലെടുക്കുന്ന ഭാവഗീതികളും ലഘുകവനങ്ങളും കൊണ്ടു മാത്രം മതിയാകുമെന്നും തോന്നുന്നില്ല. അതിനു കാലോചിതമായ രൂപശില്പങ്ങൾ പൂണ്ട മഹാകാവ്യങ്ങളും ആവശ്യമാണ്. ഏതായാലും ജനങ്ങളുടെ ഇന്നത്തെ ഉദരപൂരണവ്യഗ്രതയും, തന്നിമിത്തമുള്ള അസ്വസ്ഥതകളും ഒട്ടൊക്കെ ശമിക്കുകയും, ഭൂരിപക്ഷം ജനങ്ങൾ സുഖത്തിലും സമാധാനത്തിലും ജീവിച്ചു തുടങ്ങുകയും ചെയ്യുന്ന ഒരന്തരീക്ഷത്തിൽ, കാവ്യകല പരപ്പിലും ആഴത്തിലും വളരുകയും, സാമാന്യ ജനത അന്നു് അതിൽ വിഹരിക്കുവാൻ സ്വയം സന്നദ്ധമാവുകയും ചെയ്യുമെന്നു് ഇപ്പോഴേ പ്രവചിക്കാവുന്നതു തന്നെയാണു്. അതുവരെ ജീവിതത്തിൽ ചില സൗകര്യങ്ങൾ സിദ്ധിച്ചിട്ടുള്ള സംസ്കാരോല്ലീഢ ചിത്തരായ ഒരുവിഭാഗം ജനതയേ കാവ്യപാരായണ കുതുകികളായി മുന്നോട്ടു നീങ്ങുകയുള്ളു എന്നും പ്രവചിക്കാവുന്നതുതന്നെയാണു്.
