പദ്യസാഹിത്യചരിത്രം. മുപ്പത്തിരണ്ടാമദ്ധ്യായം

പ്രത്യവലോകനം

പാട്ടും മണിപ്രവാളവുമായി ഉടൽപുണ്ട നമ്മുടെ കാവ്യകല, ക്രമേണ മുന്നോട്ടു നീങ്ങുകയായി. ഏഴും എട്ടും നൂറ്റാണ്ടുകൾ മണിപ്രവാള കവിതയുടെ സുവർണ്ണകാലമായിരുന്നു. ചമ്പുക്കൾ, ചന്ദ്രോത്സവം തുടങ്ങിയ പ്രസിദ്ധ മണിപ്രവാളകൃതികളെല്ലാം ഉടലെടുത്തത് ആ കാലഘട്ടത്തിലാണു്. പാട്ടുശാഖയിൽ പ്രസിദ്ധമായ ചില കൃതികൾ വടിവിയന്നതും അതേ ഘട്ടത്തിൽത്തന്നെ. ഭാഷാഗാനങ്ങളിൽ അതിപ്രധാനമായ എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൾ എട്ടാംനൂറ്റാണ്ടിലാണല്ലോ പുറപ്പെട്ടത്. മണിപ്രവാളകവികൾ ശൃംഗാര രസംകൊണ്ടു. മലീമസമാക്കിത്തീർത്ത കാവ്യാന്തരീക്ഷത്തെ കുറെയൊക്കെ ശുദ്ധിപ്പെടുത്താൻ കിളിപ്പാട്ടുകൾക്കു സാധിച്ചു. ആസ്തികരായ കേരളീയരെ ഭക്തിമാർ​ഗ്ഗത്തിൽ സഞ്ചരിപ്പിക്കുവാനും കിളിപ്പാട്ടുകൾ ശക്തങ്ങളായിത്തീരാതിരുന്നില്ല. ദ്രാവിഡ ഗാനങ്ങളിൽ യഥോചിതം സംസ്കൃതപദങ്ങൾ കൂട്ടിയിണക്കി ഒരു ശുദ്ധ മണിപ്രവാളരൂപം വളർത്തുവാനും കിളിപ്പാട്ടുകൾ പ്രേരകങ്ങളായിത്തീർന്നു. എഴുത്തച്ഛൻ്റെ ഈ ഭക്തിമാർ​ഗ്ഗത്തിൽ ആയിടയ്ക്കു തന്നെ സഞ്ചരിച്ച പൂന്താനം – ജ്ഞാനപ്പാന പാടിയ പുംസ്കോകിലം – പാട്ടുകളിലെ മണിപ്രവാളത്തിൽ കുറച്ചുകൂടി അയവും ലാഘവവും വരുത്തുകയും ചെയ്തു.

ഈ കാലഘട്ടം വിട്ടാൽ ഒരു നൂറ്റാണ്ടോളം ഭാഷാകാവ്യലോകത്തിൽ ജാജ്ജ്വല്യമാനങ്ങളായ നക്ഷത്രങ്ങളൊന്നും ഉദിച്ചുയർന്നതായി കാണുന്നില്ല. ഒമ്പതാംനൂറ്റണ്ടിൻ്റെ അവസാനത്തിലാണ് പ്രതിഭാശാലിയായ ഒരു കവിയെ നാം പിന്നീടു കാണുന്നതു്. സാഹിത്യലക്ഷ്മിയെ പൊട്ടിച്ചിരിപ്പിച്ചു സൗഹിത്യമേകിയ വമ്പനായ നമ്പ്യാരാണ് ആ കവിവര്യൻ. തുള്ളൽ എന്ന കാവ്യപ്രസ്ഥാനത്തിനും അദ്ദേഹം പ്രതിഷ്ടനല്കി ഭാഷയേറിവരുന്ന നല്ല മണിപ്രവാളശൈലിയും ആ കവിപുംഗവൻ ഇവിടെ പ്രചരിപ്പിച്ചു. പുരാണകഥാപ്രതിപാദനമെന്ന വ്യാജേന കേരളത്തിലെ സ്ഥിതിഗതികളെ ഹാസ്യ പ്രധാനമായി ചിത്രീകരിച്ചു ജനസമുദായങ്ങളിൽ സാമൂഹ്യ പരിവർത്തനത്തിനുള്ള ഒരു പ്രേരണ ചെലുത്തുവാനും തുള്ളൽക്കഥകളുടെ ജനയിതാവായ നമ്പ്യാർക്കു കഴിഞ്ഞു.