പ്രത്യവലോകനം
കുഞ്ചൻ നമ്പ്യാരുടെ കാലത്തോടടുത്തു തന്നെയാണു് ആട്ടക്കഥാകർത്താക്കളിൽ പ്രമുഖന്മാരായ ചിലരെല്ലാം ജീവിച്ചിരുന്നത്. കേരളീയരിൽ സംഗീതാഭിരുചിയും, അഭിനയചാതുരിയും, രസികതയും വർദ്ധിപ്പിക്കുവാൻ അവരുടെ കൃതികൾ വളരെ ഉപകരിച്ചിട്ടുണ്ട്. കോട്ടയത്തുതമ്പുരാൻ, ഉണ്ണായിവാര്യർ, ഇരയിമ്മൻ തമ്പി എന്നിവരെ ഈ അവസരത്തിൽ ആരും അനുസ്മരിച്ചുപോകും. പക്ഷേ, ഇവരിൽ വാര്യരാണ് നമ്മുടെ ശ്രദ്ധയെ കൂടുതൽ അർഹിക്കുന്നതു്. കഥകളി സാഹിത്യത്തിൻ്റെ അന്തസ്സത്തയെ വളർത്തി അതിനെ നാടകത്തോടടുപ്പിച്ചതും, നളചരിത കർത്താവായ ഉണ്ണായിവാര്യർ തന്നെയാണു്.
കേരളവർമ്മയുഗത്തിലേക്കാണു് ഇനി നാം കടന്നുചെല്ലുന്നത്. ഭാഷാസാഹിത്യ നഭസ്സിലെ ഏറ്റവും ഉയർന്ന ഒരു തേജഃപുഞ്ജം തന്നെയായിരുന്നു, പതിനൊന്നാം നൂറ്റാണ്ടിൽ അവതരിച്ച കേരളവർമ്മ വലിയകോയിത്തമ്പുരാൻ. ആ കാലഘട്ട ത്തിലെ സകല കവികളേയും സാഹിത്യകാരന്മാരേയും തൻ്റെ ആതപത്രച്ചായിൽ അണിനിരത്തുവാൻ ആ പ്രതിഭാപ്രതാപശാലിക്കു സാധിച്ചു. കൊടുങ്ങല്ലൂർക്കോവിലകം കേന്ദ്രമാക്കി അക്കാലത്ത് വർത്തിച്ചിരുന്ന വെണ്മണിപ്രഭൃതികൾ മണിപ്രവാള കവിതയിൽ ഒരു നൂതനത്വം വരുത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. പ്രസാദം, മാധുര്യം, സൗകുമാര്യം, അർത്ഥവ്യാപ്തി, ഫലിതം, ശയ്യാപാകാദികൾ എന്നിവയെല്ലാം ഒത്തുചേർന്നു, അപണ്ഡിതന്മാക്കുപോലും ഒരിക്കൽ കേട്ടാൽ അർത്ഥബോധത്തോടെ ഉള്ളിൽ കടന്ന് അവിടെ നിലകൊള്ളുമാറുള്ള ഒരുതരം രചനയാണു് വെണ്മണിപ്രഭൃതികൾ നിർവ്വഹിച്ചിരുന്നത്. ശബ്ദശില്പത്തെ സംബന്ധിച്ചിടത്തോളം അവരുടെ രചനാരീതി ഭാഷ കവിതയുടെ പുരോഗതിക്കു സഹായകരായിരുന്നു. വലിയകോയിത്തമ്പുരാൻ ഇവരുടേതിൽനിന്നും അത്യന്തം ഭിന്നമായ ഒരു രീതിയാണു് ഭാഷാകവിതയിൽ ഉൽഘാടനം ചെയ്തത്.
