പദ്യസാഹിത്യചരിത്രം. മുപ്പത്തിരണ്ടാമദ്ധ്യായം

പ്രത്യവലോകനം

മണിപ്രവാളത്തിൻ്റെ സൗവർണ്ണദശയെ പുനഃസ്ഥാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആദർശം. ഈ സമ്പ്രദായം ഭാഷാകവിതയുടെ പുരോഗതിക്ക് അത്രതന്നെ സഹായകമായിരുന്നില്ലെന്നു പറയാമെങ്കിലും, സംസ്കൃതത്തിൽ നിന്നുള്ള ഒട്ടനേകം കാവ്യ പ്രസ്ഥാനങ്ങൾ ഭാഷയിൽ അവതരിക്കുവാൻ അദ്ദേഹത്തിൻ്റെ യത്നം അത്യധികം പ്രയോജനപ്പെടാതിരുന്നില്ല. കാളിദാസൻ്റെ അഭിജ്ഞാന ശാകുന്തം, അദ്ദേഹം ‘കേരളീയമാഷാശാകുന്തള’മായി വിവർത്തനം ചെയ്തതോടെ, ഭാഷയിൽ നാടകശാഖ ഉൽഘാടിതമായി. തുടന്നു് നാടകങ്ങൾ, മഹാകാവ്യങ്ങൾ, സന്ദേശങ്ങൾ എന്നു തുടങ്ങിയ സാഹിത്യ പ്രസ്ഥാനങ്ങൾ വിവർത്തനങ്ങളായും സ്വതന്ത്രങ്ങളായും ധാരാളം ഉടലെടുത്തുതുടങ്ങി. അവയുടെ നിർമ്മാതാക്കള പ്രോത്സാഹിപ്പിക്കുവാനും വലിയ കോയിത്തമ്പുരാൻ സദാ സന്നദ്ധനായിരുന്നു. ഇങ്ങനെ പലതരത്തിലും ശ്രദ്ധേയമായിരുന്നു കേരളവർമ്മക്കാലം.

മറ്റൊരുവിധത്തിലും ആ കാലഘട്ടം ശ്രദ്ധേയമാണ്. രൂപഭദ്രതയിലും ഭാവഭദ്രതയിലും കവികൾ എത്രത്തോളം ശ്രദ്ധചെലുത്തണമെന്നുള്ളതിൻ്റെ നാന്ദിയായവതരിച്ച ദ്വിതീയാക്ഷരപ്രാസവാദത്തെയാണ് ഞാനിവിടെ അനുസ്മരിപ്പിക്കുന്നത്. ആ സംവാദത്തിൻ്റെ പരിണാമത്തോടുകൂടിയാണു് ഭാഷാകവിതയുടെ രചനയിൽ കാര്യമായ ഒരു പരിവർത്തനം സംഭവിച്ചതെന്ന വസ്തുത ഒരിക്കലും വിസ്മരിക്കാവുന്നതല്ല. കൈരളിയിൽ ആധുനിക കവിതാ യുഗം ആരംഭിക്കുന്നതു തന്നെ ആ കാലഘട്ടത്തോടുകൂടിയാണു്.