പദ്യസാഹിത്യചരിത്രം. മുപ്പത്തിരണ്ടാമദ്ധ്യായം

പ്രത്യവലോകനം

അഭിനവയുഗത്തിൻ്റെ അവതാരകനായിരുന്നു മഹാകവി കുമാരനാശാൻ. ആശാനുമുമ്പുവരെ, ഒരു നേരമ്പോക്കിനുവേണ്ടിയാണു കവിതയെ പലരും കൈകാര്യം ചെയ്തിരുന്നതു്. കവിതയെ മാത്രമല്ല, വനിതയെയും എന്നുകൂടി പറഞ്ഞു കൊള്ളട്ടെ. വീണപൂവിൻ്റെ ആവിർഭാവത്തോടുകൂടി ആ നിലയ്ക്കു മാറ്റം വന്നുതുടങ്ങി. ഇതിവൃത്തം, പ്രതിപാദനരീതി, ആശയഗതി എന്നിവയിലെല്ലാംതന്നെ ഇവിടെ വലിയമാറ്റം സംഭവിച്ചു. സംസ്കൃതത്തിലെ രസാത്മകത്വംവിട്ട് ഇംഗ്ലീഷിലെ വികാരാത്മകത്വം കവി, വീണപൂവിൽ അനുകരിക്കുകയായി. എന്തെങ്കിലും വർണ്ണിച്ചു ആളുകളെ രസിപ്പിക്കുക എന്ന നിലവിട്ട് ചിന്തിക്കുന്നതിനും, ജീവിതത്തെക്കുറിച്ചു വിമർശിക്കുന്നതിനും പ്രചോദനമരുളുന്ന കൃതികൾ ഇക്കാലം മുതല്ക്കാണു ഉത്ഭവിച്ചുതുടങ്ങിയതു്. കലയുടെ രൂപശില്പത്തെയല്ല, ഭാവശില്പത്തേയാണ് പ്രധാനഘടകമായി കാവ്യകൃത്തുകൾ ആദരിക്കേണ്ടതെന്ന തത്ത്വവും ഈ നൂതനഖണ്ഡകാവ്യത്തിൻ്റെ പുറപ്പാടോടുകൂടി അലിഖിതമായിത്തന്നെ ആശാൻ വിളംബരം ചെയ്തു. നളിനി, ലീല തുടങ്ങിയ കാവ്യങ്ങളുടെ പുറപ്പാടോടുകൂടി അനുവാചകൻ്റെ ചിന്താശക്തിയുടെ വ്യാപാരം കുറേക്കൂടി, വിശാലമായ ഒരു അന്തരീക്ഷത്തിലേക്ക് ആശാനുയർത്തുകയും ചെയ്തു.

കല, ത്രൈകാലികങ്ങളായ ചില മാനുഷികഭാവങ്ങളെ ആവിഷ്കരിക്കുന്നതു മാത്രമായിരുന്നാൽ പോരാ, അതു കാലത്തിൻ്റേയും പരിതഃസ്ഥിതികളുടെയും ആഹ്വാനങ്ങളെ ഉൾക്കൊള്ളുന്നതു കൂടിയായിരിക്കണമെന്ന തത്ത്വവും ആശാൻ സ്വകാവ്യങ്ങൾവഴി വിളംബരം ചെയ്തു. ജാതിവ്യത്യാസത്തിൻ്റെ നിരർത്ഥകതയെ ചോദ്യം ചെയ്തുകൊണ്ടും സാമൂ ഹ്യപരിഷ്കാരത്തിൻ്റെ ആവശ്യകതയെ ചൂണ്ടിക്കാണിച്ചുകൊണ്ടും നിർമ്മിച്ചിട്ടുള്ള ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ കാവ്യങ്ങൾ അങ്ങനെയുള്ളവയാണു്.