പ്രത്യവലോകനം
ആശാൻ്റെ കവിതാപഥസഞ്ചാരത്തിൽനിന്നു കുറെ ഭിന്നമായിട്ടാണു് മഹാകവി വള്ളത്തോൾ ഇക്കാലത്തു സഞ്ചരിച്ചിരുന്നത്. കേരളത്തിൽ ദേശാഭിമാനത്തിൻ്റെ കോളിളക്കം സൃഷ്ടിക്കുവാൻ ആ മഹാകവി ഉറ്റുശ്രമിച്ചുകൊണ്ടിരുന്നു. ആശാൻ, ഹൈന്ദവേതരമായ ചില കഥകളെ അവലംബിച്ചു കാവ്യരചനചെയ്തപ്പോൾ വള്ളത്തോൾ, പുരാണകഥകളെ പശ്ചാത്തലമാക്കി അനിരുദ്ധൻ തുടങ്ങിയ ഭാവാവിഷ്‌കരണപ്രധാനങ്ങളായ റൊമാൻ്റെിക് കാവ്യങ്ങൾ നിർമ്മിച്ചുപോന്നു. ആർഷഭാരതത്തെ ഉജ്ജീവിപ്പിക്കാനായിരുന്നു കർണ്ണഭൂഷണം തുടങ്ങിയ കൃതികൾവഴി മഹാകവി ഉളളൂർ ഉദ്യമിച്ചിരുന്നതു്. ആശാൻ തൊട്ടുള്ള കവിത്രയത്തെ പലപ്രകാരത്തിലും അനുകരിക്കുന്ന ഒരു വിഭാഗം കവികൾ ആദ്യം മുതൽക്കേ കേരളത്തിൽ ഉണ്ടായിരുന്നു. അവരിൽ ഏതുകൊണ്ടും ഏറ്റവും മുന്നണിയിൽ എത്തിയത് ഇന്നത്തെ മഹാകവിയായ ജീ. ശങ്കരക്കുറുപ്പാണു്. വള്ളത്തോളിൻ്റെ ശില്പചാതുരിയും, ആശാൻ്റെ ആശയഗാംഭീര്യവും ഉളളൂരിൻ്റെ ഉല്ലേഖവൈചിത്ര്യവും ഏറെക്കുറെ സ്വകവിതകളിൽ പ്രതിഫലിപ്പിച്ചു കാണിക്കുവാൻ കുറുപ്പിനു സാധിച്ചു. ടാഗോറിനെ അനുകരിച്ചു മിസ്റ്റിസിസം സിംബോളിസം എന്നീ കാവ്യരീതികൾ മലയാളത്തിൽ പ്രചരിപ്പിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ആ പ്രസ്ഥാനങ്ങളുടെ കീർത്തി അദ്ദേഹത്തിൻ്റെ നാമധേയത്തോടനുബന്ധിച്ചുമാണു് മലയാളത്തിൽ ഇന്നു നിലകൊള്ളുന്നതും.
