പദ്യസാഹിത്യചരിത്രം. മുപ്പത്തിരണ്ടാമദ്ധ്യായം

പ്രത്യവലോകനം

നാലപ്പാടൻ, വെണ്ണിക്കുളം, പി. കുഞ്ഞിരാമൻനായർ, മേരിജോൺ തോട്ടം അഥവാ സിസ്റ്റർ ബെനിഞ്ഞ, ബാലാമണിയമ്മ തുടങ്ങിയവരും ഈ അവസരത്തിൽ നമ്മുടെ സ്മൃതിപഥത്തിൽ വന്നുചേരുന്നു. ആധുനിക ശാസ്ത്രത്തിൻ്റെ നേരിയ കിരണങ്ങൾ കവിതയിൽ കുലത്തുതുവാൻ കേരളത്തിൽ ആദ്യമായി യത്നിച്ചിട്ടുള്ളതു നാലപ്പാടനാണു്. കണ്ണുനീർത്തുള്ളി, ചക്രവാളം എന്നീ കൃതികളിൽ അവയുടെ ചില സ്ഫുരണങ്ങൾ സൂക്ഷ്മ നിരീക്ഷകക്കു കാണാവുന്നതാണു്. സ്വന്തം കൃതികൾവഴി കാവ്യാന്തരീക്ഷത്തിൽ ആദ്ധ്യാത്മിക പ്രഭാപ്രസരം വളർത്തിയ രണ്ടു കവയിത്രികളാണ് മേരി ജോൺ തോട്ടവും, ബാലാമണിയമ്മയും. ‘മാമ്പഴ’വുമായി കാവ്യരംഗത്തെത്തി ജനസാമാന്യത്തെ ആകർഷിച്ച വൈലോപ്പിള്ളി ശ്രീധരമേനോൻ ഇന്നത്തെ തലമുറയിൽ ഏതുകൊണ്ടും സമുന്നത സ്ഥാനമർഹിക്കുന്നു. ക്രാന്തദശിത്വത്തോടുകൂടി സാമൂഹ്യ പരിഷ്ക്കരണപ്രേരകങ്ങളും പുരാഗമനോന്മുഖങ്ങളുമായ ഭാവഗാനങ്ങൾ നിർമ്മിക്കുന്ന ചുരുക്കം ചില നവീന കവികളിൽ അഗ്രേസരൻ അദ്ദേഹമാണു്. നവീന ശാസ്ത്രത്തിൻ്റെ വെളിച്ചവും വൈലോപ്പിള്ളിയുടെ കവിതകളിൽ ഒട്ടൊക്കെ സമ്മേളിച്ചു നില്ക്കുന്നതു കാണാം. ഇന്നു ജീവിച്ചിരിക്കുന്ന മലയാള മഹാകവികളിൽ അഗ്രേസരൻ വൈലോപ്പിള്ളിയാണെന്നു നിസ്സംശയം പറയാം.