പ്രത്യവലോകനം
ആധുനിക കാവ്യയുഗത്തിൽ അല്പകാലം – ഏതാണ്ടു് ഒരു വ്യാഴവട്ടം – ജീവിച്ചിരുന്നു് കൊള്ളിമീൻ പോലെ മറഞ്ഞുപോയ പ്രസിദ്ധകവി ചങ്ങമ്പുഴയെപ്പറ്റിയും ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ട്. സംഗീതസ്വരൂപിണിയായ അദ്ദേഹത്തിൻ്റെ കവിതാകാമിനി, കേരളത്തിൻ്റെ ഓണം കേറാമൂലകളിലും കടന്നുചെന്നു് ഇന്നും ‘കനകച്ചിലങ്ക’ കിലുക്കുകയാണു്. ജീവിതത്തിലെ പലവിധ വേദനകളിൽനിന്നും, അനുഭവങ്ങളിൽനിന്നും ഉടലെടുത്തിട്ടുള്ളവയാണു് ചങ്ങമ്പുഴയു ടെ കവിതകളിൽ അധികഭാഗവും. അതുകൊണ്ടുതന്നെയാണു് സാധാരണ ജനഹൃദയങ്ങളെ വികാരതരളിതമാക്കാൻ അദ്ദേഹത്തിൻ്റെ കവിതയ്ക്കു കഴിയുന്നതും. ‘ചിത്തവൃത്തി പലതായ് പലപ്പോഴും’ കാണാമെങ്കിലും, തനിക്കു് അപ്പഴപ്പോൾ തോന്നുന്ന വികാരങ്ങളെ – വേദനകളെ – ആത്മാർത്ഥമായി പ്രകാശിപ്പിക്കാൻ കവി എന്നും ഉദ്യമിച്ചിരുന്നു. സാധാരണ ജനങ്ങളുടെ നിനവുകളും അനുഭവങ്ങളുമായി ചങ്ങമ്പുഴക്കവിത സാത്മ്യം പ്രാപിച്ചിരുന്നതാണു്, അതിൻ്റെ ആ വശ്യതയ്ക്ക് പ്രധാന നിദാനമെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
ചങ്ങമ്പുഴയുടെ അനന്തരസ്ഥാനികൾ എന്ന നിലയിൽ വർത്തിക്കുന്ന അനേകം കവികൾ ഇന്നു കേരളത്തിലുണ്ട്. പി. ഭാസ്മരൻ, ഒ. എൻ. വി. കുറുപ്പ്, മണ്ണുമ്മൂട് മുതലായവർ അവരിൽ പ്രമുഖരത്രെ. സംഗീതസാന്ദ്രമായ ഒരു ശൈലി ഭാസ്കരൻ തുടങ്ങിയവർക്കു സ്വാധീനമായിട്ടുണ്ട്. മഹാകവി പാലാനാരായണൻനായർ സ്വതന്ത്രമായ മറ്റൊരു മാർഗ്ഗത്തൂടെ വളരുകയും, കേരളത്തെ വളർത്തുകയുമാണു്. കാല്പനിക ശൈലിയിൽ ഇത്രവളരെ കൃതികൾ നിർമ്മിച്ചിട്ടുള്ള ഒരു കവിയും ഇന്നു കേരളത്തിലുണ്ടെന്നു തോന്നുന്നില്ല. ഇടശ്ശേരിയുടെ ഇടക്കാല കൃതികളിൽ കലയുടെ അംശം കുറയുമെങ്കിലും ഒരു സാഷ്യലിസ്റ്റ് കവിയായി അദ്ദേഹം വളർന്നുകഴിഞ്ഞിട്ടുണ്ട്. പുതുമയേയും പഴമയേയും പരിത്യജിക്കാതെതന്നെ സ്വതന്ത്രമായ ചിന്താഗതിയോടുകൂടി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന പരിണത പ്രജ്ഞനായ ഒരു മഹാകവിയാണു് എം. പി. അപ്പൻ. ഉദാത്തമായ ഭാവനാവ്യാപാരത്താൽ നിർമ്മാണ കലയിൽ അത്ഭുതം സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു അനുഗൃഹീത വാസനാ കവിയാണു് പി. കുഞ്ഞിരാമൻനായർ. അക്കിത്തം, ഒളപ്പമണ്ണ തുടങ്ങിയ കവികളും അഗണ്യരല്ല. എൻ. വി. കൃഷ്ണവാര്യർ ഇടയ്ക്കിടയ്ക്ക് കാവ്യപഥത്തിൽ സഞ്ചരിച്ചു കൗതുകകരമായ ചില പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കയാണു്. ചെമ്മനം ‘പരിഹാസപ്പുതുപനിനീർച്ചെടി’ നട്ടുവളർത്തുന്നതിൽ അതീവ തല്പരനായും, അതിൽ വിജയിയായും തീർന്നിരിക്കുന്നു. സുഗതകുമാരിയിൽനിന്നു കൈരളിക്കു കാര്യമായ ചിലതു് ലഭിച്ചിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കാമെന്നു കരുതുന്നതിൽ തെറ്റുമില്ല. അത്യാധുനികരിൽ ചിലർ ശുദ്ധിയും ശക്തിയുമുള്ള കൃതികൾകൊണ്ടു കൈരളിയെ പരിപോഷിപ്പിക്കുവാൻ കഴിവുറ്റവരാണെന്നു് വിഷ്ണുനാരായണനെപ്പോലെയുള്ളവർ ഇതിനകം, തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.
