പ്രത്യവലോകനം
പൊതുവേ നോക്കുമ്പോൾ ഭാഷാകവിതയുടെ കൂമ്പടഞ്ഞുപോയെന്നും മറ്റുള്ള ആവലാതികൾക്ക് വലിയ വിലയൊന്നും കല്പിക്കേണ്ടതില്ലെന്നു തോന്നുന്നു. ആധുനിക ശാസ്ത്രത്തിൻ്റെ വളർച്ച ജനങ്ങളുടെ ഉള്ളിലേക്കു കടന്നുകൊണ്ടിരിക്കയുമാണു്. അതിൻ്റെ ഫലമായി ഉണ്ടാകാവുന്ന അഭിരുചിപരിണാമത്തിനും അനുഭൂതികൾക്കുമനുരൂപരായി ജനങ്ങളുടെ സാമൂഹ്യമായ വീക്ഷണഗതികൾക്കു വലിയ അന്തരവും സംഭവിച്ചേക്കാം. ഈ പരിവർത്തനങ്ങൾ ഓരോന്നും കാവ്യകൃത്തുകളുടെ സർഗ്ഗാത്മകപ്രതിഭയുടെ വികാസത്തിനും ഭാഷാകവിതയുടെ വളർച്ചയ്ക്കും സാരമായ സഹായകമായും ഭവിച്ചേക്കാം. തന്നെയുമല്ല, ഭാഷാകവിതയുടെ പുരോഗതിയെ മാത്രം ലക്ഷ്യമാക്കി ചില പ്രസിദ്ധീകരണങ്ങൾ അടുത്തകാലത്തു് ആരംഭിച്ചിട്ടുള്ളതും ഈയവസരത്തിൽ പ്രസ്താവ്യമാകുന്നു. അവയിലൊന്നു് അഖിലകേരള അക്ഷരശ്ലോക പരിഷത്തിൻ്റെ മുഖപത്രമായി തൃശ്ശൂർനിന്നു പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ‘കവനകൗതുകം’ എന്ന കവിതാമാസികയാണു്. പഴയ ‘കവനകൗമുദി’യുടെ കാലത്തെയാണു് അതു് അധികവും അനുസ്മരിപ്പിക്കുന്നതു്. ഇയ്യിടെ തിരുവനന്തപുരത്തുനിന്നു കെ. അയ്യപ്പപ്പണിക്കർ തുടങ്ങിയ ഏതാനും നൂതനകവികളുടെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുള്ള ‘കേരളകവിത’ എന്ന ത്രൈമാസികമാണ് മറ്റൊന്നു. ആധുനിക കവിതാസമ്പ്രദായത്തിൽ വന്നിട്ടുള്ള പരിവർത്തനങ്ങളെ പ്രകാശിപ്പിക്കയും നമ്മുടെ സംവേദന ശീലത്തിനു പുതിയ സംഭാവനകൾ നല്കുകയും ചെയ്യുക എന്നതാണു് അതിൻ്റെ ലക്ഷ്യമെന്നു തോന്നുന്നു. ഇങ്ങനെ മലയാള കവിതയുടെ കൂമ്പടഞ്ഞു പോയെന്നും മറ്റുമുള്ള പരിദേവനം ഇന്നു പലപ്രകാരത്തിലും പരിഹൃതമായിക്കൊണ്ടിരിക്കയാണെന്നുതന്നെ പറയാം.
