ഗദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

പ്രബന്ധപ്രസ്ഥാനം

അഷ്ടമംഗല്യം: സരസമായി കഥപറഞ്ഞു കേൾക്കുന്ന ഒരു രീതിയാണു് പി. എ. വാര്യരുടെ പ്രബന്ധങ്ങൾ വായിക്കുമ്പോൾ തോന്നാറുള്ളതു്. ‘മനുഷ്യൻ്റെ വ്യക്തിസത്തയുടെ ആവിഷ്കൃതരൂപമാണ് ശൈലി എന്നു് അദ്ദേഹം ഒരു പ്രബന്ധത്തിൽ പറയുന്നുണ്ടു്. വളരെ ശരിയാണതു്. വാരിയരുടെ ആത്മസത്ത അദ്ദേഹത്തിൻ്റെ പ്രബന്ധങ്ങളിലൂടെ നാം കാണുന്നു. ഏതു പ്രൗഢവിഷയമെടുത്തു കൈകാര്യം ചെയ്യുന്നിടത്തും അദ്ദേഹത്തിൻ്റെ ഈ സരസതയ്ക്ക് ഒരു ഹാനിയും സംഭവിക്കാറില്ല. ‘അഷ്ടമംഗല്യം’ എന്ന പ്രബന്ധസമാഹാരം ഇപ്പറഞ്ഞതിനു് ഒരു മികച്ച ദൃഷ്ടാന്തമാണു്. കവിയും വായനക്കാരനും, ചങ്ങമ്പുഴയുടെ കാവ്യശൈലി തുടങ്ങിയ എട്ടു പ്രബന്ധങ്ങളാണ് അതിലുള്ളതു’. ‘മധുപക്കം’ വാര്യരുടെ മറ്റൊരു പ്രബന്ധസമാഹാരമാണു്.

രാഷ്ട്രത്തലവന്മാർ: ജീവചരിത്രങ്ങളല്ലാതെ ജീവചരിത്രപരങ്ങളായ വളരെ ഉപന്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. കെ. സി. പീറ്ററുടെ രാഷ്ട്രത്തലവന്മാരെക്കുറിച്ചുള്ള പഠനങ്ങൾ അത്തരത്തിലുള്ള ഒന്നത്രെ.

ആധുനിക കവികൾ: എൻ. ഗോപാലപിള്ള, ജി., വെണ്ണിക്കുളം തുടങ്ങിയ ഏതാനും ആധുനിക കവികളെപ്പറ്റി ജി. വൈദ്യനാഥയ്യർ പ്രസന്നമായ ശൈലിയിൽ പ്രതിപാദിക്കുന്ന ഒരു പ്രബന്ധ സമാഹാരമാണിതു്. ഓരോ പ്രബന്ധവും പഠനാർഹവുമാണു്.

ഭാരതീയ നായികമാർ: കെ. എൻ. ഗോപാലപിള്ളയുടെ സുചിന്തിതവും പഠനാർഹവുമായ പ്രബന്ധ സമാഹാരമാണു് ഭാരതീയ നായികമാർ. കാളിദാസൻ്റെ ശകുന്തള, ചെറുശ്ശേരിയുടെ രുഗ്മിണി, എഴുത്തച്ഛൻ്റെ സീത, ഉണ്ണായിയുടെ ദമയന്തി, ഇക്കാവമ്മയുടെ സുഭദ്ര, വള്ളത്തോളിൻ്റെ ഉഷ തുടങ്ങിയ പ്രസിദ്ധ കാവ്യാംഗനകളെയാണു് ഇതിൽ അവതരിപ്പിക്കുന്നതു്. ഗോപാലപിള്ളയുടെ ‘ഉപന്യാസാവലി’യും ഇവിടെ പ്രസ്താവ്യമാണു്.