പ്രബന്ധപ്രസ്ഥാനം
ഏതു വിഷയത്തെപ്പറ്റിയും പ്രബന്ധങ്ങൾ രചിക്കാവുന്നതാണു്. ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നിങ്ങനെയുള്ള സാഹിത്യവിഭാഗങ്ങൾ എല്ലാംതന്നെ പ്രബന്ധകാരൻ്റെ പരിധിയിൽപ്പെടുന്നു; എങ്കിലും സ്വാഭിപ്രായപ്രകടനം മിക്ക ഉപന്യാസങ്ങളിലും മുന്നിട്ടുനില്ക്കുന്നതിനാൽ ഉപപാദന രൂപത്തിലാണു് അധികവും വെളിപ്പെട്ടുകൊണ്ടിരിക്കുന്നതു്. തൻ്റെ പ്രത്യേക ശ്രദ്ധയ്ക്കു വിഷയമായ ഒന്നിനെപ്പറ്റി വിവരിക്കുകയും, അതിൽ സ്വാഭിപ്രായത്തിനനുകൂലമായ ഒരു മനോഭാവം മറ്റുള്ളവരിൽ ജനിപ്പിക്കുകയും ചെയ്യണമെന്നുള്ളതാണ് മിക്ക പ്രബന്ധകാരന്മാരുടെയും ലക്ഷ്യം. തന്നിമിത്തം പ്രബന്ധങ്ങളിൽ അധികഭാഗവും ഉപപാദനങ്ങളായിത്തീരുകയും ചെയ്യുന്നു. ഏതു രൂപഭാവങ്ങളിൽ ഉള്ളതായാലും ശരി, വിഷയത്തിൽ വിശദപ്പെടുത്തേണ്ട അംശങ്ങളെ ആലോചിച്ചു ക്രമപ്പെടുത്തി നാതിവിസ്തരമായും ചമൽക്കാരജനകമായും പ്രതിപാദിക്കുന്നതിലാണ് ഒരു പ്രബന്ധകാരൻ്റെ വിജയം സ്ഥിതിചെയ്യുന്നതു്. ഭാഷയിലെ സാഹിത്യപ്രസ്ഥാനങ്ങളിൽ എണ്ണംകൊണ്ടു നോക്കുന്നതായാൽ ഇന്നു പ്രഥമസ്ഥാനത്തു നില്ക്കുന്നതു പ്രബന്ധങ്ങളാണെന്നു നിസ്സംശയം പറയാം. ഉപയോഗംകൊണ്ടും അങ്ങനെ തന്നെ.
ഗദ്യമാലിക: മലയാള ഭാഷയിൽ ഒന്നാമതായി പുസ്തകാകൃതി പൂണ്ട ഗദ്യസമാഹാരമാണ് ‘ഗദ്യമാലിക’. ഒരു ഭാഷയുടെ ഉൽക്കർഷത്തെ പരിച്ഛേദിക്കുന്നതു് അതിലുള്ള ഗദ്യഗ്രന്ഥങ്ങളുടെ എണ്ണം കൊണ്ടാണെങ്കിൽ മലയാള ഭാഷയുടെ അവസ്ഥ അദ്യാപിശോചനീയമായിത്തന്നെ ഇരിക്കുന്നു.” 1082-ൽ പ്രസിദ്ധപ്പെടുത്തിയ ഗദ്യമാലികയുടെ അവതാരികയിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ള ഒരു വാക്യമാണു് മേലുദ്ധരിച്ചതു്. ഭാഷയിൽ ഗദ്യപ്രബന്ധങ്ങൾ അത്രമാത്രം വിരളമായിരുന്ന ഒരു കാലത്താണു് ഗദ്യമാലികയുടെ പുറപ്പാട്ട്. “ശാസ്ത്രീയ വിഷയങ്ങളെ കാഠിന്യം കളഞ്ഞു ലളിതപ്പെടുത്തി കവിസുക്തിസുലഭമായ മാധുര്യത്തോടുകൂടെ എഴുതുന്നതിൽ സമർത്ഥനായ സി. അച്യുതമേനോൻ്റെ പത്രാധിപത്യത്തിൽ പ്രചരിച്ചുകൊണ്ടിരുന്നകാലത്തുള്ള ‘വിദ്യാവിനോദിനി’യിലെ പലവക ലേഖനങ്ങളിൽ നിന്നെടുത്തിട്ടുള്ള ഉപന്യാസങ്ങളെക്കൊണ്ടു ചമയ്ക്കപ്പെട്ടതാകുന്നു” ഗദ്യമാലികയെന്ന മേല്പറഞ്ഞ കൃതി. അച്യുതമേനോൻ്റെ ലേഖനങ്ങൾക്കുപുറമെ അക്കാലത്തെ പ്രസിദ്ധ ലേഖകന്മാരായിരുന്ന എം. രാജരാജവർമ്മ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ മുതലായവരുടെ ലേഖനങ്ങളും ഗദ്യമാലികയിൽ ചേർത്തിട്ടുണ്ട്. “ഇവയിൽ ഓരോന്നും പ്രത്യേകം അർത്ഥശാസ്ത്രം, ചരിത്രം, സാഹിത്യം, തത്ത്വശാസ്ത്രം, ജീവചരിത്രം മുതലായ ഓരോ വിഷയവിശേഷത്തെ ക്രോഡീകരിച്ചിരിക്കുന്നു” (ഒന്നാംഭാഗം). ഗദ്യമാലികയുടെ അനന്തര ഭാഗങ്ങളിൽ രസികരഞ്ജിനി, ഭാഷാപോഷിണി മുതലായ മറ്റു മാസികകളിൽനിന്നു ലേഖനങ്ങൾ ചേർത്തു വിഷയ വൈവിദ്ധ്യവും ഔൽകൃഷ്ട്യവും വരുത്തിയിട്ടുണ്ടു്. ഇങ്ങനെ ഒരു ഗദ്യസങ്കലനം ഭാഷയിൽ ആദ്യമായാരംഭിച്ച ഇതിൻ്റെ പ്രസാധകൻ കൊച്ചി രാമവർമ്മ അപ്പൻതമ്പുരാൻ കേരളീയരുടെ അഭിനന്ദനത്തെ തികച്ചും അർഹിക്കുന്നു.
