പ്രബന്ധപ്രസ്ഥാനം
ഗദ്യമാലികയ്ക്കു ശേഷം അസംഖ്യം ഗദ്യസമാഹാരങ്ങൾ വിവിധനാമധേയങ്ങളിൽ പുറപ്പെട്ടിട്ടുണ്ടു്. ഇപ്പോഴും പുറപ്പെട്ടുകൊണ്ടുമിരിക്കുന്നു. അവയിൽ മുഖ്യമായ ചിലതിനെപ്പറ്റി മാത്രമേ ഇവിടെ പ്രസ്താവിക്കുന്നുള്ളു.
പ്രബന്ധസംഗ്രഹം: പ്രഫസർ എ. ആർ. രാജരാജവർമ്മയുടെ പ്രസിദ്ധമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണു് ‘പ്രബന്ധസംഗ്രഹം.’ “ലേഖകൻ്റെ നിലയിൽ ഇത്രവളരെ ശോഭിച്ചിരുന്ന ആൾ മലയാളത്തിൽ വേറെയുണ്ടോ?” എന്നു് പി. അനന്തൻപിള്ള അദ്ദേഹത്തിൻ്റെ ‘കേരളപാണിനി’യിൽ ഒരു ഭാഗത്തു പ്രസ്താവിച്ചിട്ടുള്ളതു് അതിശയോക്തിലേശമില്ലാത്ത ഒരു യാഥാർത്ഥ്യമാണു്. പ്രതിപാദന ഭംഗി, ആശയ സമ്പത്തു് എന്നിവ ഒത്തിണങ്ങിയ ലേഖനങ്ങൾ കാണണമെങ്കിൽ പ്രബന്ധ സംഗ്രഹം വായിക്കുകതന്നെ വേണം. പ്രസന്നമധുരമായ രീതി പ്രബന്ധ സംഗ്രഹത്തിലേതുപോലെ മറ്റധികം കൃതികളിൽ നമുക്കു കാണുവാൻ സാധിക്കുന്നതല്ല. ആധുനിക മലയാള ഭാഷ, നിരൂപണത്തിൻ്റെ മാതൃക എന്നു തുടങ്ങി16 പ്രബന്ധങ്ങളാണു് അതിലടങ്ങിയിട്ടുള്ളതു്. വിഷയത്തെ ക്രമപ്പെടുത്തി എങ്ങനെ പ്രതിപാദിക്കണമെന്നു് ഇതിലെ ഓരോ ലേഖനവും വായനക്കാർക്കു മാതൃക നല്കുന്നു. നിരൂപണത്തിൻ്റെ മാതൃക എന്ന ലേഖനം വിമർശനകലയിൽ പ്രവേശിച്ചിട്ടുള്ളവരും പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരും മനസ്സിരുത്തി പഠിക്കേണ്ട ഒന്നാണു്. തമ്പുരാൻ എഴുതിയിട്ടുള്ള, ‘ഭാഷയുടെ ഉൽക്കർഷം’, ‘നമ്പൂതിരിമാരും ഭാഷാകവിതയും’ എന്നിങ്ങനെയുള്ള ചില നല്ല ഉപന്യാസങ്ങൾ കൂടി പ്രബന്ധ സംഗ്രഹത്തിൽ ചേർക്കേണ്ടതുണ്ടു്.
കേസരി വേങ്ങയിൽ കുഞ്ഞുരാമൻ നായനാരുടെ പ്രസിദ്ധമായ ഒരു കൃതിയാണു്’ ‘കേസരി.’ ആമുഖോപന്യാസം, ദ്വാരക, നാട്ടെഴുത്താശ്ശാൻ, മരിച്ചാലത്തെ സുഖം, മുഖം, ആഖ്യായികകൾ എന്നിങ്ങനെയുള്ള 25 ഉപന്യാസങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ആമുഖോപന്യാസം എന്ന ആദ്യത്തെ പ്രബന്ധം. 1084-ൽ പ്രസിദ്ധപ്പെടുത്തിയ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ ഒന്നാം ഭാഗത്തിനുവേണ്ടി എഴുതിയിട്ടുള്ളതാണു്. ഈ സമാഹാരത്തിലെ മിക്ക പ്രബന്ധങ്ങളും ഗ്രന്ഥകാരൻ 1068 മുതൽ 1075 വരെ ‘വിദ്യാവിനോദിനി’യുടെ പത്രാധിപ സമിതിയിൽ വർത്തിച്ചിരുന്നകാലത്തു് പല തൂലികാനാമങ്ങളിൽ പ്രസ്തുത മാസികയിൽ എഴുതിയിരുന്നവയാണു്. നായനാരുടെ പ്രബന്ധങ്ങളെ സാഹിത്യം, സമുദായം, സാങ്കല്പികം എന്നിങ്ങനെ ഏതാനും വകുപ്പുകളിൽ ഉൾപ്പെടുത്തിപ്പറയാമെങ്കിലും അധികവും സാഹിത്യവിഷയകമായിട്ടുള്ളവയാകുന്നു. എന്നാൽ എല്ലാ പ്രബന്ധങ്ങളും സാരം കൊണ്ടും സാരസ്യം കൊണ്ടും ഏററവും ഹൃദയംഗമങ്ങളാണു്. ഒരു നല്ല സാഹിത്യകാരനുണ്ടായിരിക്കേണ്ട മൂന്നു ഗുണങ്ങളെപ്പററി ‘ആഖ്യായികകൾ’ എന്ന പ്രബന്ധത്തിൽ അദ്ദേഹം പ്രസ്താവിക്കുന്നുണ്ടു്. സ്പഷ്ടത, സരളത, ശക്തി എന്ന ആ മൂന്നു ഗുണങ്ങളും കേസരിയിലെ ഏതുപന്യാസത്തിലും അനുവാചകർക്കു കാണാവുന്നതാണ്. അതോടൊപ്പം ആരെയും ചിരിപ്പിച്ചു രസിപ്പിക്കുന്ന സംസ്ക്കാരമധുരമായ പരിഹാസ ചതുരതയും അഥവാ കുറിക്കു കൊള്ളുന്ന ഫലിതവും. അരനൂറ്റാണ്ടിനുമുമ്പു്അ – തായതു് 1910-ൽ – ആണു് ഈ സമാഹാരം ആദ്യമായി സി. ഡി. ഡേവിഡ് പ്രസിദ്ധപ്പെടുത്തിയതു്. ഇന്നും ഇതിലെ ഉപന്യാസങ്ങൾ പുതുമപൂണ്ടവതന്നെ. *(നായനാർ മലബാറിലെ പ്രസിദ്ധ പ്രഭുകുടുംബമായ ചിററൂർ താലൂക്കിലുള്ള വേങ്ങയിൽ 1861-ൽ (1036 തുലാം) ജനിച്ചു. പെരിഞ്ചെല്ലൂർ പുളിയപ്പടമ്പു് ഹരിദാസൻ സോമയാജി പിതാവു്. നായനാരായിരുന്നു കേരളസഞ്ചാരിയുടെ ആദ്യത്തെ പത്രാധിപർ. വിദ്യാവിനോദിനി, മനോരമ തുടങ്ങിയ പത്രമാസികകളിൽ കേസരി എന്ന തൂലികാനാമത്തിൽ ധാരാളം ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. 1914 നവംബർ 14-ാംനു മദിരാശി നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടു നില്ക്കുമ്പോൾ പെട്ടെന്നു ചരമമടഞ്ഞു.)
