ഗദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

പ്രബന്ധപ്രസ്ഥാനം

ചിന്താസന്താനം (7 ഭാഗങ്ങൾ): പണ്ഡിതനും പരിപക്വബുദ്ധിയുമായിരുന്ന ആർ. ഈശ്വരപിള്ള, നാനാവിഷയങ്ങളെ അധികരിച്ചു ചെയ്ത ചിന്തയുടെ ഫലമായി സംജാതമായ സൽസന്താനങ്ങളാണ് ‘ചിന്താസന്താനം’ ഏഴു ഭാഗങ്ങളിൽ ഉള്ളതു്. ഒന്നാം ഭാഗത്തിൽ, സാഹിത്യം, ഗ്രന്ഥപാരായണം, മനുഷ്യജീവിതം, ഗ്രന്ഥങ്ങളും ഗ്രന്ഥശാലകളും എന്നിങ്ങനെയുള്ള 15 ഉപന്യാസങ്ങളും, രണ്ടാം ഭാഗത്തിൽ ഗൃഹവും വിദ്യാലയവും, ഇന്നത്തെ വിദ്യാഭ്യാസവും നമ്മുടെ യുവാക്കന്മാരും, ഓലയും നാരായവും, ആശാനും കളരിയും, മതവും മനുഷ്യനും, ആഹാരവും ആയുസ്സും എന്നുതുടങ്ങിയ 20 ഉപന്യാസങ്ങളും, മൂന്നാം ഭാഗത്തിൽ പ്രകൃതി, പ്രസംഗം, മതവും സ്ത്രീകളും, ഇംഗ്ലീഷ് വിദ്യാഭ്യാസവും മലയാള സാഹിത്യവും, നമ്മുടെ പരിഷ്കാരഭ്രമം എന്നുതുടങ്ങി 20 ഉപന്യാസങ്ങളും, നാലാം ഭാഗത്തിൽ, വൃദ്ധന്മാർ, മലയാളസാഹിത്യവും തൽക്കർത്താക്കന്മാരും, സാഹിത്യകാരന്മാരുടെ ദുരവസ്ഥ എന്നാതുടങ്ങി 14 ഉപന്യാസങ്ങളം, അഞ്ചിൽ, കേരളം, ഭാഷാകവികളും പ്രശംസകരും, വിപത്തിൻ്റെ മധുരഫലങ്ങൾ എന്നുതുടങ്ങി 14 പ്രബന്ധങ്ങളും, ആറിൽ, ആശ, പുസ്തകം, പരിഷ്ക്കാരവും യുദ്ധവും എന്നുതുടങ്ങി 11 വിഷയങ്ങളും ഏഴിൽ, മനുഷ്യൻ സ്മാരകങ്ങളും അവയുടെ പ്രയോജനങ്ങളും, സമരമോ സമാധാനമോ, യന്ത്രവും മനുഷ്യനും എന്നുതുടങ്ങി 12 ഉപന്യാസങ്ങളും അടങ്ങിയിരിക്കുന്നു.

“വിശാല വീക്ഷണത്തിലും പരിപക്വ ചിന്താഗതിയിലും ഗ്രന്ഥകാരൻ്റെ മാനസികശക്തി പദാൽപദം ആരോഹണം ചെയ്തിട്ടുള്ളതായി” ചിന്താസന്താനം ഓരോ ഭാഗത്തിലേയും ഉപന്യാസങ്ങൾ തെളിവു നല്കുന്നു. ഏകാഗ്രതയുടെ പരമകാഷ്ഠ ഓരോ ഉപന്യാസത്തിലും തെളിഞ്ഞു കാണാം. ഇന്ദ്രിയങ്ങളെ തൽക്കാലത്തേക്കെങ്കിലും അന്തർമുഖമാക്കി പ്രവർത്തിക്കാൻ കഴിയുന്നവർക്കല്ലാതെ ഇത്തരം ഉപന്യാസങ്ങൾ എഴുതുവാൻ സാധിക്കുന്നതല്ല. ചിന്താസന്താനത്തിലെ ഉപന്യാസങ്ങളിലെ പല ആശയങ്ങളും പല മലയാള പ്രാസംഗികന്മാരും, ഉപന്യാസമെഴുത്തുകാരായ വിദ്യാത്ഥികളും അക്കാലത്തു ധാരാളം എടുത്തു പെരുമാറിയിരുന്നുവെന്നുള്ളതു് ഇവിടെ പ്രത്യേകം പറയത്തക്ക ഒരു വസ്തുതയാണു്.