പ്രബന്ധപ്രസ്ഥാനം
ഉപന്യാസാരാമം: മലയാളത്തിലെ ആദ്യത്തെ ഉപന്യാസകരിൽ പ്രധാനനായ ഒരു തൂലികാവിദഗ്ദ്ധനാണു് എം. രാജരാജവർമ്മ എം. എം. ബി. എൽ. വിവിധവിഷയങ്ങളെ പരാമർശിച്ചുള്ള പതിനഞ്ചു പ്രബന്ധങ്ങൾ സമാഹരിച്ചിട്ടുള്ളതാണു് അദ്ദേഹത്തിൻ്റെ ‘ഉപന്യാസാരാമം’. ഏതു കഠിനവിഷയത്തേയും സുഗ്രഹമായി പ്രതിപാദിക്കുവാനുള്ള പ്രാഗത്ഭ്യം തമ്പുരാൻ്റെ തൂലികയ്ക്കുണ്ടു്. ഉപന്യാസാരാമത്തിലെ എല്ലാ പ്രബന്ധങ്ങളും ആ വസ്തുത വ്യക്തമായി വെളിവാക്കുകയും ചെയ്യുന്നു ‘ഉപന്യാസപഞ്ചക’മാണ് തമ്പുരാൻ്റെ മറെറാരു കൃതി.
കെ.എമ്മിൻ്റെ ഉപന്യാസങ്ങൾ: പഴയ എഴുത്തുകാരിൽ പ്രസിദ്ധനാണു് തൃശ്ശൂർ വടക്കേക്കുറുപ്പത്തു കുഞ്ഞൻമേനോൻ. വിദ്യാവിനോദിനി മുതലായ മാസികകളിൽ അദ്ദേഹം അക്കാലത്തു് എഴുതിയിരുന്ന ലേഖനങ്ങളുടെ സമാഹാരങ്ങളാണു് ഉപന്യാസങ്ങൾ രണ്ടു ഭാഗങ്ങൾ.
പി. ശങ്കരൻ നമ്പ്യാരുടെ പ്രബന്ധങ്ങൾ: ഉപന്യാസങ്ങൾ ധാരാളമെഴുതുന്നവർ നമ്മുടെയിടയിൽ ഇന്നു വളരെപ്പേരുണ്ട്. എന്നാൽ അവയ്ക്ക് അവശ്യം ആവശ്യമായ സരളത, ശക്തി, സ്പഷ്ടത എന്നീ ഗുണങ്ങളാൽ മേളിതമായി ചമയ്ക്കുവാൻ കരുത്തുള്ളവർ വളരെ അപൂർവ്വമാണു്. പ്രഫസർ പി. ശങ്കരൻ നമ്പ്യാർ അത്തരം അപൂർവ്വന്മാരിൽ ഒരാളാകുന്നു. കവിതപോലെതന്നെ മധുരമാണു് അദ്ദേഹത്തിൻ്റെ ഗദ്യവും. ബാലൻസു തെറ്റാതെ പദങ്ങളെ തൂക്കിയരിച്ചേ അദ്ദേഹം വാക്യങ്ങളിൽ നിരത്താറുള്ള. ‘സാഹിത്യനിഷ്ട’വും ‘മകരന്ദമഞ്ജരി’യും അത്തരം നല്ല ഉപന്യാസങ്ങളുടെ സമാഹാരങ്ങളാണു്. ‘നിഷ്ട’ത്തിൽ പതിനഞ്ച് ഉപന്യാസങ്ങൾ അടങ്ങിയിരിക്കുന്നു. സാഹിത്യവികാസം, ജീവത്സാഹിത്യം, സാഹിത്യസാരം, വിമർശനം, ആംഗ്ലേയ വിമർശനകല, ശാകുന്തളത്തിലെ നായകോന്നമനം. ട്രാജഡികളിലെ വിഷാദവും വിശ്വാസവും, മണിപ്രവാളവും ആര്യദ്രാവിഡ സങ്കരവും, സംസ്‌കാരവിജയം, കേരളാഭ്യുദയം. മഹാകവി രവീന്ദ്രനാഥടാഗോർ, കേരളക്ഷേത്രകലകൾ, മലയാളസാഹിത്യം, മലയാളം തെളിയണമെങ്കിൽ ഇവയാണു് നിഷ്ക്കൂടത്തിലെ പ്രമേയങ്ങൾ. പ്രസന്നമായ ശൈലിയിൽ രചിച്ചിട്ടുള്ള ഓരോ പ്രബന്ധവും മധുരമധുരമായിട്ടുണ്ടു്. ‘മകരന്ദമഞ്ജരി’യിൽ ഒൻപതു പ്രബന്ധങ്ങൾ അടങ്ങിയിരിക്കുന്നു. കേരളക്ഷേത്രകലകൾ, വിമർശനം, ആഖ്യായികയുടെ വളർച്ച, ചൈനയിലെ സ്ത്രീകൾ, കലയും കമലയും, ജീവചരിത്രകല, പരിഷ്കാരവും സംസ്‌കാരവും. കവിതാചരിത്രത്തിലെ നാലു യുഗങ്ങൾ, പ്രാചീന ഭാരതത്തിലെ വിദ്യാഭ്യാസാദർശങ്ങൾ എന്നിവയാണു് പ്രസ്തുത പ്രമേയങ്ങൾ. ആശയസമ്പത്തും പ്രതിപാദനസൗന്ദര്യവും ഒന്നുപോലെ ഒത്തിണങ്ങിയവയാണു് ഈ സമാഹാരങ്ങളിലെ ഉപന്യാസങ്ങൾ എന്നു ചുരുക്കിപ്പറയുവാനേ നിവൃത്തിയുള്ളു.
