പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

ആദിമഗാനങ്ങളിൽ ചിലതു ചിരിക്കു വക നല്കുന്നവയുമുണ്ട്.

എല്ലാരുമെല്ലാരും മുല്ല നട്ടു
ഞാനുമൊരായിരം മുല്ല നട്ടു
എല്ലാരുമെല്ലാരും വെള്ളം കോരി
ഞാനുമൊരായിരം വെള്ളം കോരി

ഇത്തരം ഗാനങ്ങളാണ് കൈരളിയുടെ മൂലസ്വത്തു്. ഇവ വായ്പാഠമായി ചൊല്ലി പഠിച്ചു പോന്നിട്ടുള്ളവയാകയാൽ മിക്കവയ്ക്കും പ്രാഗ്രൂപത്തിൽ നിന്നു വളരെ അന്തരം വന്നുപോയിട്ടുണ്ടെന്നുള്ളതിനു യാതൊരു സംശയവുമില്ല. അതിനാൽ ഈവക ഗാനങ്ങളുടെ ആദിമരൂപം ഇന്നും അജ്ഞാതമായിത്തന്നെ ഇരിക്കുന്നു.

രാമചരിതം: കൈരളിയുടെ ശൈശവഘട്ടത്തിൻ്റെ അവസാനത്തിലുണ്ടായിട്ടുള്ള രാമചരിതമത്രെ ഇന്നുവരെ നമുക്കു ലഭിച്ചിട്ടുള്ള പ്രാചീന ഗാനങ്ങളിൽ പ്രഥമ ഗണനീയമായിട്ടുള്ളത്. പ്രസ്തുത കൃതി, ‘ചീരാമൻ’ എന്നൊരു കവിയുടെ സൃഷ്ടിയാണു്.