പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

ആതിതേവനിലമഴ്ന്ത മനകാമ്പുടയ ചീ-
രാമനൻപിനൊടിയവിന തമിഴ്ക്കവിവല്ലോർ

എന്നുള്ള പ്രയോഗം നോക്കുക. ചീരാമൻ എന്നതു ശ്രീരാമൻ എന്നതിൻ്റെ തത്ഭവമത്രെ. തൻ്റെ പേരിനോടു ചേർത്തു് ‘ശ്രീ’ എന്ന പദം പ്രയോഗിച്ചിരിക്കയാലും, തൻ്റെ കുലദൈവതം അനന്തശയനനായ ശ്രീപത്മനാഭനാണെന്നു്, ”പോകി പോകചയനാ! കവിയെനക്കരുൾചെയ്യേ” ”പോകിപോകചയനൻ ചരണ താരണവരേ” എന്നിങ്ങനെയുള്ള പ്രസ്താവങ്ങളാൽ പ്രത്യക്ഷമായിരിക്കയാലും, തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു ശ്രീരാമവർമ്മാവാണു പ്രസ്തുത കൃതിയുടെ കർത്താവെന്നു ഗവേഷകമൂർദ്ധന്യനായ മഹാകവി ഉള്ളൂർ പ്രസ്താവിക്കുന്നു. കൊല്ലവർഷം നാലാം നൂററാണ്ടിൻ്റെ അവസാനത്തിലാണു് മണികണ്ഠ ബിരുദാലംകൃതനായ പ്രസ്തുത ശ്രീരാമവർമ്മാവു് ഭരിച്ചിരുന്നതു് എന്നുകൂടി അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

‘പ്രാചീന മലയാള കൃതികൾ’ എന്ന പേരിൽ രാമചരിതത്തിൻ്റെ 30 പടലങ്ങൾ ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു് മഹാകവി പരമേശ്വരയ്യർ തന്നെയായിരുന്നു. പിന്നീടു് ‘ശ്രീചിത്രോദയ മഞ്ജരിഭാഷാഗ്രന്ഥാവലി’യിൽ ഉൾപ്പെടുത്തി ആകെയുള്ള 164 വൃത്തങ്ങളും തിരുവിതാംകൂർ ഗവർണ്മെൻ്റിൽനിന്നും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈയിടെ പ്രഫസ്സർ പി. വി. കൃഷ്ണൻ നായരുടെ വിശദമായ വ്യാഖ്യാനത്തോടുകൂടി പ്രസ്തുത കൃതിയുടെ ആദ്യപടലങ്ങൾ സാഹിത്യ പരിഷത്തിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വസ്തുതയും പ്രസ്താവയോഗ്യമാണു. മിക്കവാറും പതിനൊന്നു പാട്ടുകൾ കഴിയുന്നതോടുകൂടി ഓരോ വൃത്തവും അവസാനിക്കുന്നു. അതനുസരിച്ചാണു് പടലമെന്നും, വൃത്തമെന്നും ഓരോ പ്രസാധകന്മാർ പേർ കൊടുത്തിട്ടുള്ളതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ആകെ 1814 പാട്ടുകളാണു് പ്രസ്തുത കൃതിയിലുള്ളതു്.