പ്രാചീനകാലം
രാമചരിതം ഒരു തമിൾ കൃതിയാണെന്നു ചില പണ്ഡിതന്മാർക്കു് അഭിപ്രായമില്ലാതില്ല. പാണ്ടിത്തമിൾ ഒരുകാലത്തു മലയാളത്തെ വിഴുങ്ങിയിരുന്നതായി ആരംഭത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. മലയാളത്തിൻ്റെ പ്രാഗ്രൂപം കൊടുന്തമിഴാണെന്നു കേരളപാണിനി അഭിപ്രായപ്പെട്ടിട്ടുള്ളതും ഇതുകൊണ്ടുതന്നെയായിരിക്കാം. പുരാതനകാലത്തു കേരളത്തിൽ സർവ്വത്ര വ്യാപിച്ചിരുന്ന ഈ തമിഴ്, അനുനാസികാതി പ്രസരാദി നയങ്ങളാൽ ഒരു പ്രത്യേക ഭാഷയായി പരിണമിച്ചിട്ടുള്ളതാണു് ഇപ്പോഴത്തെ മലയാളമെന്നു ചില ഭാഷാശാസ്ത്രനിഷ്ണാതന്മാർ തീരുമാനിച്ചിട്ടുള്ളതു് ശ്രദ്ധേയമാണു്. രാമചരിതം അങ്ങനെയുള്ള ഒരു പരിണാമ ഘട്ടത്തിൽ — നാലാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ — സമുദ്ഭൂതമായിട്ടുള്ള ഒരു കൃതിയായിരിക്കണമെന്നതിനു് അതിലെ പല പ്രയോഗങ്ങളും തെളിവു നല്കുന്നുമുണ്ട്:
‘അയഞ്ഞ മാനതകാമ്പൊടു ഇതിൽ ‘ഞ്ച’ എന്ന അക്ഷരം, ‘അനുനാസിക മാദേശം പിൻപ്രത്യയഖരത്തിനു്’ എന്ന നിയമ പ്രകാരം ‘ഞ്ഞ’ എന്നായി തീർന്നിരിക്കുന്നതു നോക്കുക. അതുപോലെതന്നെ ‘ങ്ക’ എന്ന തമിഴക്ഷരം ‘ങ്ങ’യായും ‘ൻ്റ’ ‘ന്ന’യായും പലേടത്തും രൂപാന്തരപ്പെട്ടിട്ടുണ്ട്.
‘തളപിരിഞ്ഞിളകിന കടൽ’ എന്നതിൽ, ‘പിരിയ്ന്തു’ എന്ന പ്രയോഗം താലവ്യാദേശത്താൽ ‘പിരിഞ്ചു’ എന്നും പിന്നീടു് അനുനാസികാതിപ്രസരത്താൽ ‘പിരിഞ്ഞു’ എന്നും ആയിത്തീർന്നിട്ടുള്ളതു തമിഴർക്കു് ഈ കൃതിയിലുള്ള അവകാശത്തെ നിഷേധിക്കുന്നുണ്ടല്ലോ.
