പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

”അരുക്കമണ്ടലം അങ്കിനേർതുടക്കനെച്ചുവന്നു’ ‘മുടിന്തടലിൽ വീഴ്ന്തു’ എന്നിവയിൽ ചെന്തമിൾ ഭാഷാനിയമത്തിനു വിരുദ്ധമായി പുരുഷ പ്രത്യയം കൂടാതെ പുർണ്ണക്രിയാപദങ്ങൾ പ്രയോഗിച്ചിരിക്കുന്നു. ‘ഉണ്ടായിതൊട്ടൊരു പിണക്കമവർതമ്മിൽ’, ‘മന്നവർപിരാനൊടു വഴക്കിനു മുതിർന്നാൽ’, ‘പോർവില്ലുമായരിയ പോർക്കളരിപുക്കാൻ’, ‘കോയിൽകൊൾകയിന്നിയെന്നുമേ’ എന്നിങ്ങനെ തമിൾഭാഷയിലില്ലാത്ത ഒട്ടനേകം പ്രയോഗങ്ങളും ഇതിൽ കാണാവുന്നതാണു്. ഇങ്ങനെ പല രീതികളും അവ്യവസ്ഥിതമായി രാമചരിതത്തിൽ കാണുന്നതു കൊണ്ട് ഇതു് ഒരു തമിൾകൃതിയല്ലെന്നും, മലയാളം തമിഴിൽനിന്നു ഭിന്നിച്ചു തുടങ്ങിയ കാലത്തുണ്ടായ ഒരു പ്രാചീന മലയാള കൃതിയാണെന്നും തീരുമാനിക്കാവുന്നതാണു്.

വെയ്യവായ നമഃ, മാതുരിയം വാചി, താനല്ലീ വിയതി താവിനാൾ, നിചി ചരാതിപതി, വിനായകൻ, കാനനം, കരിണി തുടങ്ങി സംസ്കൃതീകൃതവും സംസ്കൃതമയവുമായ പ്രയോഗങ്ങളും, ‘മലർവില്ലിയെല്ലനങ്കനെ’ എന്നിങ്ങനെ വിശേഷണ വിശേഷ്യങ്ങൾക്കു സംസ്കൃത ഭാഷാ നിയമമനുസരിച്ചുള്ള വിഭക്തിപ്പൊരുത്തങ്ങളും, പ്രസ്തുത കൃതിയിൽ ചില സ്ഥലങ്ങളിൽ കാണാം. അന്തര, വിയതി, വാചി, വാചാ, ആമരണാന്തം, ചരണേ, കേകിനാം തുടങ്ങിയ അനേകം ശുദ്ധ സംസ്കൃതപദങ്ങളും അവിടവിടെയായി ഇതിൽ സ്ഥലംപിടിച്ചിട്ടുണ്ട്. ആ സ്ഥിതിക്കു് ഇതു ഭാഷയിലെ ഒരു മണിപ്രവാളകൃതിയായി സങ്കല്പിക്കാമോ എന്നു സംശയിക്കേണ്ടിവരുന്നു.