പ്രാചീനകാലം
എന്നാൽ മേൽപ്രസ്താവിച്ച രീതിയിലുള്ള പ്രയോഗങ്ങൾ രാമചരിതത്തിൽ വളരെ വിരളമായിട്ടേ കാണുകയുള്ളു. ബഹുഭൂരിഭാഗവും തീരെ സംസ്കൃത സമ്പർക്കമില്ലാത്തതും തമിൾ രൂപഭൂയിഷ്ഠവുമായ ഭാഷയാണു്. ആകയാൽ മേൽപ്രകാരമുള്ള ഒരു ചിന്തയ്ക്ക് ഈ കൃതിയിൽ ലേശവും അവകാശം സിദ്ധിക്കുന്നില്ലെന്നു പറയേണ്ടതില്ലല്ലോ.
പടയുടെ തിളപ്പിനോടും പരവയെയതിചയിക്കും
നടതകും തേരിനോടും നലംകിളരിലങ്കമന്നൻ
ഇടതുടർന്തരികുലത്തെയെയ്തു വീഴ്ത്തക്കണ്ടു
കൊടുമചേർ ചുക്കിരീവൻ കുവടടർത്തെടുത്തെറിന്താൻ. (265)
ഈദൃശമായ രീതിയാണു് പ്രസ്തുത കൃതിയിൽ സാർവ്വത്രികമായിട്ടുള്ളതു്. എന്നു തന്നെയുമല്ല, മലയാള ഭാഷയുടെ പ്രഥമ വ്യാകരണമായ ലീലാതിലകത്തിൽ മണിപ്രവാള ലക്ഷണം നിർവ്വചിച്ചിട്ടുള്ളതിനോടു രാമചരിതത്തിനു യാതൊരടുപ്പവും കാണുന്നില്ല.
‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം.’ മണിപ്രവാളമെന്നാൽ മണിസ്ഥാനീയങ്ങളായ കേരള ഭാഷാപദങ്ങളും, പ്രവാളസ്ഥാനീയങ്ങളായ സംസ്കൃത ഭാഷാ പദങ്ങളും സമ്മേളിപ്പിച്ച് വസന്തതിലകാദി വൃത്തങ്ങളിൽ വിരചിച്ചിട്ടുള്ള കവിത എന്നർത്ഥമാണു ലീലാതിലകത്തിൽ വിവരിച്ചിട്ടുള്ളത്. ഈ ലക്ഷണം രാമചരിതത്തിൽ തീരെ അസംഗതമാണല്ലോ. ”ദ്രവിഡസംഘാതാക്ഷരനീബദ്ധമെതുകമോന വൃത്തവിശേഷയുക്തം പാട്ടു” – ദ്രാവിഡ ഭാഷയിൽ ഉള്ള അക്ഷരങ്ങൾ മാത്രം ചേർന്നതും എതുക — ദ്വിതീയാക്ഷരപ്രാസം, മോന — ഘടകപ്രാസം — ഓരോ പാദത്തിൻ്റേയും പ്രഥമ ഭാഗത്തിലും ദ്വിതീയ ഭാഗത്തിലുമുള്ള ആദ്യക്ഷരങ്ങൾക്കുള്ള സാജാത്യം — എന്നിവയോടു കൂടിയതും, ദ്രാവിഡ വൃത്തങ്ങളിൽ എഴുതപ്പെട്ടതുമായ കൃതികൾക്കു ‘പാട്ടു്’ എന്ന നാമകരണം പ്രസ്തുത ഗ്രന്ഥത്തിൽ ചെയ്തു കാണുന്നുമുണ്ട്.
