പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

വാല്മീകിരാമായണത്തെ അനുകരിച്ച് എഴുതിയിട്ടുള്ള ഒരു കാവ്യമാകുന്നു രാമചരിതം:

ഊനമറ്റെഴുമീരാമചരിതത്തിലൊരു തെ-
ല്ലൂഴിയിൽ ചെറിയവർക്കറിയുമാറുരചെയ് വാൻ

താൻ ശ്രമിക്കുന്നുവെന്നു പറയുന്നതുകൊണ്ടു കവി തൻ്റെ രചനയുടെ ഉദ്ദേശം ആദ്യമേതന്നെ വ്യക്തമാക്കുന്നു. യുദ്ധകാണ്ഡത്തെയാണു് കവി മുഖ്യമായും അവതരിപ്പിക്കുന്നത്, മറ്റു കാണ്ഡങ്ങളിലെ കഥാഭാഗങ്ങൾ പലേടത്തും വളരെ സംക്ഷേപിച്ചും കാണുന്നു. ചുരുക്കം ചില ഭാഗങ്ങൾ വിസ്തരിക്കാതെയുമിരുന്നിട്ടില്ല. വാല്മീകിയെയാണു കവി അനുകരിക്കുന്നതെന്നു പറഞ്ഞുവല്ലോ. എങ്കിലും കവി സാതന്ത്ര്യം ഇതിൽ പലേടത്തും പ്രത്യക്ഷമായി കാണാം. ശബ്ദാർത്ഥങ്ങളിലുള്ള നിഷ്ക്കർഷയും അതുപോലെതന്നെ, ഔചിത്യം, രസം മുതലായ വിഷയങ്ങളിലും കവി, കാര്യമായിത്തന്നെ ശ്രദ്ധിച്ചിട്ടുണ്ട്. സീതാവിരഹത്താൽ നിരീഹനും നിർവ്വീര്യനുമായിത്തീർന്ന രാമനെ ചൊടിപ്പിക്കുവാൻ സുഗ്രീവൻ ചെയ്യുന്ന ഉപക്രമം നോക്കുക:

അരചർകോനേ! മേന്മേലരും തുയർ പിടിത്തീവണ്ണം
പുരികുഴലാളെ നണ്ണി പോക്കുന്നതല്ല കാലം,
ഇരുപതു കരങ്കൾ തങ്കുമിലങ്ക വേന്തനെയൊരിക്കാൽ
കരുതുക, കളക ചോകം കൈക്കൊൾക കോപമിപ്പോൾ. (2-12)

സീതയെ തിരിയെക്കൊടുത്തു യുദ്ധം ഒഴിക്കുവാൻവേണ്ടി വിഭീഷണൻ, രാവണനോടു പ്രസംഗിക്കുന്നിടത്തു്. രാമനെപ്പറ്റി പ്രസ്താവിക്കുന്ന ഭാഗവും നോക്കുക: