പ്രാചീനകാലം
ഒരുകാലത്തു പാണ്ടിത്തമിൾ ഈ മലയാളത്തെ വല്ലാതെ സ്വാധീനപ്പെടുത്തിയിരുന്നു. പെരുമാൾ ഭരണകാലത്തു ചെന്തമിഴിൻ്റെ ശക്തിയും കേരളത്തിൽ വർദ്ധിച്ചിരുന്നു. ‘പതിറ്റുപ്പത്തു’, ‘ചിലപ്പതികാരം’ മുതലായ തമിഴ് കൃതികൾ കപിലർ, ഇളങ്കോവടികൾ തുടങ്ങിയ കേരളീയരിൽനിന്നു് അക്കാലത്തു സിദ്ധിച്ചിട്ടുള്ള സാഹിത്യ സമ്പത്തുകളായിട്ടത്രെ വിചാരിച്ചുവരുന്നതു്. പ്രസ്തുത കൃതികൾ ഇന്നു തമിഴ് സാഹിത്യത്തിൽ ഉൾപ്പെട്ടുപോയിട്ടുണ്ടെങ്കിലും, അവ കേരള സംസ്കാരത്തിൻ്റെ ആദ്യത്തെപ്പടിയെ ചിത്രീകരിക്കുന്ന കൃതികളാണെന്നുള്ളതിനു സംശയമില്ല. ‘രാമചരിതം’ തുടങ്ങി പിൽക്കാലത്തുണ്ടായ ചില കൃതികളുടെകാലത്തും ഈ തമിഴ് പ്രഭാവം വർദ്ധിച്ചുതന്നെ ഇരുന്നു. ഈ കാഴ്ച കണ്ടു ഭ്രമിച്ച ചിലരാണു് മലയാളം തമിഴിൽനിന്നു ഉത്പന്നമായ ഒരു ഭാഷയാണെന്നു ധരിച്ചു വശായത്.
ഭാഷയും സാഹിത്യവും ഒരു ജനതയുടെ സംസ്കാരത്തിൻ്റെ പ്രതീകങ്ങളാണല്ലൊ. ജനരാശിയുടെ ആ സംസ്കാരത്തിൻ്റെ സമഗ്രരൂപം ദർശിക്കണമെങ്കിൽ ഭാഷയും സാഹിത്യവും രൂപംകൊള്ളുന്നതിനു മുമ്പുള്ള ആദിമ യുഗത്തിലേക്കു കടന്നുചെല്ലണം. കേരളീയരെ സംബന്ധിച്ചിടത്തോളം കേരളക്കര, ജനാധിവാസയോഗ്യമായ ഒരു കാലഘട്ടത്തിലേക്ക് അത്രത്തോളം പിന്നിലേക്കു കടന്നു ചെന്നെങ്കിലേ നമ്മുടെ നാഗരികതയുടെ അടിത്തറ നാം കണ്ടെത്തുകയുള്ളു. ചരിത്രപരമായ നിരവധി ഗവേഷണങ്ങൾകൂടാതെ അതൊന്നും സാദ്ധ്യമല്ല. അതിനാൽ ഒരു സാധാരണക്കാരൻ്റെ കാഴ്ചപ്പാടിൽ എത്താവുന്ന ഒരു ദൂരത്തിലേക്കു കടക്കുവാനേ നമുക്കു സാദ്ധ്യമാകൂ. കേരളീയരായ ദ്രാവിഡർവഴിക്കാണു് കേരള സംസ്ക്കാരത്തിൻ്റെ അടിത്തറ പാകിയിട്ടുള്ളതെന്ന വസ്തുത നിരാക്ഷേപമാണു്. ആ ദ്രാവിഡ സംസ്കാരത്തിൽ ക്രമേണ മറ്റുചില സംസ്കാരങ്ങളും കടന്നു കൂടുകയുണ്ടായി. അവയിൽ ആദ്യത്തേതും അതിപ്രധാനവും ആര്യസംസ്കാരമാകുന്നു.
