പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

ക്രിസ്തു വർഷാരംഭത്തിനു മുമ്പുതന്നെ ആര്യന്മാരായ നമ്പൂതിരിമാർ കേരളത്തിൽ പ്രവേശിച്ചിരിക്കണം. എന്നാൽ, അവരുടെ വ്യക്തിത്വം അക്കാലങ്ങളിലൊന്നും നാം കാണുന്നില്ല. ഒറ്റയൊറ്റയായി കടന്നുവന്ന അവർ ഇവിടെ ഉണ്ടായിരുന്ന ദ്രാവിഡരിൽ ലയിച്ചുപോയതായിരിക്കാം അതിനു കാരണം. എന്നാൽ ഏതാനും നൂറ്റാണ്ടുകൾക്കുശേഷം അവരുടെ ശക്തി ഇവിടെ പ്രബലവും വ്യക്തവുമായിത്തീരുന്നുണ്ട്. പെരുമാൾ ഭരണത്തിനു മുമ്പുവരെ തളിയാതിരിമാരാണു കേരള ഭരണം നടത്തിയിരുന്നതെന്നുള്ള വസ്തുത പണ്ടേ പ്രസിദ്ധമാണു്. പെരുമാൾ ഭരണം എന്നു പറഞ്ഞുവരുന്ന സംഭവം ഒരു അയഥാർത്ഥകഥയാണെന്നും അതിനു് ചരിത്രത്തിൽ സ്ഥാനമില്ലെന്നും മറ്റും നൂതന ഗവേഷകന്മാർ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത് ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ അവയ്ക്ക് ഇനിയും പ്രതിഷ്ഠ ലഭിച്ചുകഴിഞ്ഞിട്ടില്ലല്ലൊ. ശുകവൂർ (ചൊവ്വരം), പന്നിയൂർ മുതലായ ഗ്രാമക്കാർ തിരുനാവാ മണപ്പുറത്തു യോഗം ചേർന്നു, “പെരുതാളുകളെബ് – ഭരിക്കുവാൻ – പെരുമാൾവേണമൊരുത്തനുത്തമൻ” എന്നു തീരുമാനിച്ചതും മറ്റും കേരള ചരിത്രത്തിലെ പ്രസിദ്ധങ്ങളായ ചില സംഭവങ്ങളായി കണക്കാക്കപ്പെടുന്നു.

എന്നാൽ കേരളത്തിലെ ദ്രാവിഡരുമായി സമുദായബന്ധം തീരെ ഇല്ലാതെയാണോ ഇവർ അക്കാലമത്രയും വർത്തിച്ചിരുന്നതു്? അങ്ങനെ ആയിരുന്നുവെന്നു തോന്നുന്നില്ല അവരുടെ അന്നത്തെ സാഹിതീ സമുദ്യമങ്ങൾ അധികവും ആര്യ ഭാഷയായ സംസ്കൃതത്തിൽ തന്നെയായിരുന്നു എന്നുവേണം വിചാരിക്കുവാൻ. സംസ്കൃത ഭാഷാസമ്പന്നന്മാരായ ചില ദ്രാവിഡരും, ആ ഭാഷയിൽത്തന്നെ സാഹിത്യവ്യവസായം ചെയ്തിരുന്നതായി വെളിപ്പെടുന്നുണ്ട്. കൊല്ലവർഷാരംഭത്തോടടുത്തു് തിരുവഞ്ചിക്കുളത്തു വാണരുളിയിരുന്ന കുലശേഖര ചക്രവർത്തിയുടെ മുകുന്ദമാല, തപതീസംവരണം, ധനഞ്ജയം മുതലായ കൃതികൾ ഇങ്ങനെ ഉത്ഭവിച്ചിട്ടുള്ളവയാണു്. ഈ നിലയിൽ തിരിഞ്ഞുനോക്കുമ്പോൾ, കൊല്ലവർഷാരംഭത്തോടടുത്ത്, അഥവാ ഇന്നത്തെ മലയാളം ഒരു പ്രത്യേകഭാഷ എന്ന നിലയെ പ്രാപിച്ചു തുടങ്ങിയ, കാലത്ത് കേരളത്തിൽ രണ്ടുതരം സാഹിത്യമാണു പ്രചരിച്ചിരുന്നതെന്നു മിക്കവാറും വ്യക്തമാകുന്നു. ഒന്നു്, തനിത്തമിഴും; മറേറതു ശുദ്ധ സംസ്കൃതവും.