പ്രാചീനകാലം
കൊല്ലവർഷത്തിൻ്റെ ഉത്‌പത്തി, കേരളത്തിൽ വലുതായ ഒരു പരിവർത്തന ഘട്ടത്തെ പ്രത്യക്ഷീകരിക്കുന്നു. “ആചാന്തവേദാന്തവാരിധിയായ ആചാര്യശങ്കരൻ” അവതരിച്ചതും, ബുദ്ധ ജൈന മതങ്ങളെ തുരത്തി ഹൈന്ദവമതത്തെ പുനഃസ്ഥാപിച്ചതും ഈ ഘട്ടത്തിലായിരുന്നല്ലൊ. തന്നെയുമല്ല, മൂവരശരുടെ കുലങ്ങൾ ക്ഷയിച്ചുതുടങ്ങിയതും, മറ്റനേകം സാഹചര്യങ്ങൾ ഒത്തുകൂടി കേരളീയർ ഒരു പ്രത്യേക ജനതയായി തീരുവാൻ ആരംഭിച്ചതും ഈ ഘട്ടം മുതലതന്നെ. പ്രത്യേക ജനവിഭാഗമെന്ന നിലയിൽ, ഗ്രാമ്യത്വം, ദേശീയത്വം എന്നിവ കൂടിക്കൂടി, പാണ്ടിത്തമിഴിനാൽ ആക്രമിക്കപ്പെട്ടിരുന്ന കേരള ഭാഷ പ്രത്യേകതയെ പ്രാപിച്ചു തുടങ്ങിയതും മറ്റൊരു ഘട്ടത്തിലായിരുന്നില്ല. നമ്പൂതിരിമാർ നായന്മാരുമായി കൂടുതൽ ബന്ധം ഉറപ്പിക്കുവാൻ പുറപ്പെട്ടതും ഈ ഘട്ടം മുതൽക്കുതന്നെയായിരിക്കണം. അതോടുകൂടി നമ്പൂരിമാരും കേരളീയരുമായുള്ള സാമീപ്യ സമ്പർക്കം വളരെ വർദ്ധിച്ചുമിരിക്കണം. ഇവയുടെയൊക്കെ ഫലമായി, അന്നാൾവരെ പാണ്ടിത്തമിഴിൻ്റെ സ്വാധീനത്തിൽ പെട്ടിരുന്ന മലനാട്ടുതമിൾ – അതായതു കേരളഭാഷ – അതിൻ്റെ പ്രാഗ്രൂപത്തിൽ നിന്നു് ഏറെ വ്യത്യാസപ്പെട്ട ഒരു പ്രത്യേകഭാഷയായി പരിണമിക്കുന്നതിനും ഇടയായി എന്നു കരുതാവുന്നതാണു്.
