പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

പ്രാരംഭകൃതികൾ : മനുഷ്യർക്കെന്നപോലെ ഭാഷകൾക്കും ബാല്യം, കൗമാരം തുടങ്ങിയ ചില വികാസ ദശകൾ ഉള്ളതായി ഭാഷാ ശാസ്ത്രജ്ഞന്മാർ നിർണ്ണയിച്ചിട്ടുണ്ട്. കൊല്ലവർഷാരംഭം മുതൽ ഏകദേശം അഞ്ഞൂറു വർഷത്തോളം മലയാളഭാഷ ശൈശവാവസ്ഥയിൽത്തന്നെ കഴിഞ്ഞുകൂടി. ഈ കാലഘട്ടത്തിനിടയ്ക്ക് ഒട്ടുവളരെ ഗാനങ്ങൾ ഭാഷയിൽ ഉത്ഭവിക്കുകയുണ്ടായി. പ്രായേണ എല്ലാ ഭാഷകളിലും ഗാന സാഹിത്യമാണു ആദ്യമുണ്ടായിട്ടുള്ളതെന്നു ചരിത്രവേദികൾ അഭിപ്രായപ്പെടുന്നു. ഗ്രീക്കുകാരുടെ ‘ഇലിയഡും’ ‘ഒഡീസി’യും, ഇംഗ്ലീഷുകാരുടെ ‘ബെയോഫും’, ഇൻഡ്യാക്കാരുടെ ഋൿവേദാദിഗ്രന്ഥങ്ങളും ഈ അഭിപ്രായത്തിനു ഉപോദ്ബലകങ്ങളാണു്.

എന്തായാലും നമ്മുടെ ഭാഷയെ സംബന്ധിച്ചിടത്തോളവും സാഹിത്യത്തിൻ്റെ പ്രഥമപ്രരോഹം മറെറാരു പ്രകാരമായിരുന്നില്ല. പലതരം നാടൻ പാട്ടുകളാണു് നമ്മുടെ സാഹിത്യത്തിൻ്റെ ആദിമ ദശയിലുണ്ടായിട്ടുള്ളത്. ദേശപരദേവതകളായി കുടികൊള്ളുന്ന ഭദ്രകാളി, അയ്യപ്പൻ മുതലായ ദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങൾ, ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിനു് ഉപയോഗിക്കുന്ന ഗീതങ്ങൾ, വിനോദങ്ങൾക്കു മാത്രമായിട്ടുള്ള ഗാനങ്ങൾ ഇങ്ങനെ വിവിധങ്ങളായ ആവശ്യങ്ങളെ പുരസ്ക്കരിച്ചുള്ള ഒട്ടുവളരെ ഗീതങ്ങൾ മലയാളത്തിൽ ആദിമദശമുതൽക്കേ ഉത്ഭവിച്ചിട്ടുണ്ട്. ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതം പാട്ട്, ശാസ്ത്രാങ്കപ്പാട്ട്, നിഴൽക്കുത്തുപാട്ട്, സർപ്പപ്പാട്ട്, ശാസ്താം പാട്ടു്, തിയ്യാട്ടുപാട്ട്, പുള്ളുവർ പാട്ട്, മണ്ണാർ പാട്ട്, പാണർ പാട്ട്, കൃഷിപ്പാട്ട്, തമ്പുരാൻ പാട്ടു്, പടപ്പാട്ട്, വില്ലടിച്ചൻ പാട്ട്, ഓണപ്പാട്ട്, കുമ്മികൾ, താരാട്ടുകൾ ഇങ്ങനെ വിവിധ നാമങ്ങളിലായി അവ ഇന്നറിയപ്പെട്ടുവരുന്നു.