പ്രാചീനകാലം
ഭദ്രകാളിപ്പാട്ടു്: ”കേരളത്തെ ദുർഭൂതങ്ങളിൽനിന്നു രക്ഷിക്കുന്നതിനായി മലയോരത്തിൽ ശാസ്താവിനേയും, കടലോരത്തിൽ ഭദ്രകാളിയേയും ഒട്ടുവളരെ ക്ഷേത്രങ്ങളിൽ പരശുരാമൻ കുടിയിരുത്തി എന്നുള്ള ഐതിഹ്യം സുപ്രസിദ്ധമാണല്ലോ. ‘കൊറ്റവൈ’ എന്ന ദ്രാവിഡ ദേവതതന്നെയാണു് ഭദ്രകാളി, ഭദ്രകാളിക്കും ശാസ്താവിനും കളമെഴുത്തും പാട്ടും അത്യന്തം പ്രീതികരമാകുന്നു.” * (കേരളസാഹിത്യപരിത്രം ഭാഗം 1, പേജ് 199). ഭാർഗ്ഗവ ക്ഷേത്രത്തിൻ്റെ രക്ഷാകർത്തൃത്വം വഹിക്കുന്ന ഈ രണ്ടു ദ്രാവിഡ ദൈവങ്ങളെക്കുറിച്ചും ഒട്ടുവളരെ ഗാനങ്ങൾ അതിപ്രാചീനകാലം മുതൽക്കേ ഉണ്ടായിട്ടുണ്ട്. ഭദ്രകാളിപ്പാട്ടിലെ ഇതിവൃത്തം ദാരികവധമാണ്. ഈ പാട്ടിനുതന്നെ തോററം (അവതാരം) പാട്ട് എന്ന പേരുമുണ്ട്. വണ്ണാൻ എന്ന വർഗ്ഗത്തിൽപ്പെട്ടവർ പാടിവരുന്നതുകൊണ്ട് വണ്ണാൻപാട്ട് എന്ന പേരും പറഞ്ഞുവരുന്നു. ചില സ്ഥലങ്ങളിൽ കുറുപ്പന്മാർ എന്ന ജാതിക്കാരും ഇതു പാടാറുണ്ട്.
സർപ്പപ്പാട്ട്: ഭദ്രകാളിപ്പാട്ടുപോലെതന്നെ അതിപ്രാചീനകാലം മുതൽക്കേ ഉത്ഭവിച്ചിട്ടുള്ള ഒന്നാണു സർപ്പപ്പാട്ട്. “പാമ്പും അമ്മദൈവവും ദ്രാവിഡ സംസ്കാരത്തിൻ്റെതന്നെ ഒരംശമാണു.” * (കേരളത്തിലെ കാളീസേവ, പേജ് 2). സർപ്പങ്ങളുടെ നിവാസഭൂമിയായ കേരളത്തിൽ ആദിമജനങ്ങൾ നാഗാരാധകന്മാരായി തീർന്നതിൽ അത്ഭുതമൊന്നുമില്ല. അതിനാൽ പ്രാക്തനകാലം മുതൽക്കേ സർപ്പ പ്രീതികരങ്ങളായ പല പാട്ടുകളും ഇവിടെ ഉണ്ടായിത്തുടങ്ങി. പുള്ളുവരാണു ആ പാട്ടുകൾ കുലവൃത്തിയായി സ്വീകരിച്ചു പാടിവരുന്നത്. പന്തലിൽ കളമിട്ട്, സർപ്പത്തിൻ്റെ ചിത്രം വരച്ച് കുടംകൊട്ടിയും മറ്റും പുള്ളുവനും പുള്ളുവത്തിയും കൂടി പാടുകയാണു പതിവ്.
വേലൻ, വണ്ണാൻ, പാണൻ, പുള്ളുവൻ, കുറവൻ തുടങ്ങിയ ചില പ്രത്യേക വർഗ്ഗക്കാർ പ്രാചീന സാമൂഹ്യ ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ഇവർ മുമ്പറഞ്ഞ വിധത്തിലുള്ള പല പാട്ടുകളും കുലവൃത്തിയായി സ്വീകരിച്ചു പരമ്പരയായി പഠിച്ചു പാടിയിരുന്നു.
