പദ്യസാഹിത്യചരിത്രം. ഒന്നാമദ്ധ്യായം

പ്രാചീനകാലം

വേലൻ പാട്ടു്: ബാധോപദ്രവമേറ്റ സ്ത്രീയുടെ ദോഷം തീർക്കാൻ വേലൻ പാടുന്ന പാട്ടാണിതു്. വേലൻ്റെ കുലവൃത്തിയും പിണിതീർക്കൽ തന്നെയായിരുന്നു. പാണൻ പാട്ടിനു് തുയിലുണർത്തൽ (ഉറക്കത്തിൽ നിന്നുണർത്തുക) പാട്ടെന്നും പേരുണ്ട്. ആടിമാസത്തിൻ്റെ അവസാനഘട്ടത്തിൽ അർദ്ധ രാത്രിക്കുശേഷം പാണനും പാണത്തിയും കൂടി ഓരോ വീടിൻ്റേയും പടിക്കൽ ചെന്നു പറകൊട്ടിയും മുരടനക്കിയും വീട്ടുകാരെ തുയിലുണർത്തുന്നു. പറച്ചിപെറ്റ പന്തിരുകുലത്തിൽപ്പെട്ട തിരുവാങ്കത്തു പാണനാർക്കു ശിവൻ വരംകൊടുത്ത കഥയാണു പാട്ടിലെ വിഷയം. കർക്കടകത്തിൽ വന്നു കുടിയേറിയ മൂധേവിയെ ആട്ടിക്കളഞ്ഞു ഗൃഹങ്ങളിൽ ശ്രീദേവിയെ കുടിയിരുത്തുക എന്നതാണ് പാണദമ്പതിമാർ പുലർകാല വേളയിൽ പാടുന്ന ഈ പാട്ടിൻ്റെ ലക്ഷ്യം. കുറവപ്പാട്ടിനു് മാവാരതം പാട്ടെന്നും നിഴൽക്കുത്തുപാട്ടെന്നുംകൂടി പേരുണ്ട്. മഹാഭാരത കഥയുടെ ഒരു പ്രാകൃത രൂപമാണു് പാട്ടിലുള്ളത്. ദുര്യോധനൻ്റെ പ്രേരണനിമിത്തം കുറവൻ ‘നിഴൽക്കുത്തു’ എന്ന ആഭിചാരംകൊണ്ടു പാണ്ഡവന്മാരെ മോഹാലസ്യപ്പെടുത്തുന്നു. ഈ വിവരമറിഞ്ഞ കുറത്തി മറുമന്ത്രം ചൊല്ലി അവരെ പുനർജ്ജീവിപ്പിക്കയും ചെയ്യുന്നു. ഇതാണു മാവാരതം നിഴൽക്കുത്തിലുള്ളതു്.

”നിഴൽക്കുത്തങ്ങ് മാറ്റാൻ മന്ത്രംചൊല്ലി
പാരതംപാടിയവളുണർത്തിവിട്ടു.”

നമ്മുടെ പ്രാചീന ഗാനങ്ങളിൽ നല്ലൊരു പങ്കും ഈവിധത്തിലുള്ളവയാണു.